ക്യുഎസ് സസ്റ്റൈനബിലിറ്റി റാങ്കിങ്ങ്: കേരളത്തിൽ ഒന്നാമതും ഇന്ത്യയിൽ 37-ാമതുമായി കുസാറ്റ്

കൊച്ചി ∙ സുസ്ഥിര വികസന പ്രവർത്തനങ്ങളിലും വിവിധ വിഷയങ്ങൾ കോർത്തിണക്കിയുള്ള ഗവേഷണങ്ങളിലും അന്താരാഷ്ട്ര തലത്തിൽ തിളക്കമാർന്ന നേട്ടം സ്വന്തമാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). ഈയാഴ്ച പ്രസിദ്ധീകരിച്ച രണ്ട് പ്രധാന ആഗോള റാങ്കിങ്ങുകളിലും കുസാറ്റിന്റെ മികവ് പ്രകടമാണ്.
നവംബർ 17-ന് പുറത്തിറങ്ങിയ ‘ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്സ്: സസ്റ്റൈനബിലിറ്റി 2027’-ൽ ആഗോളതലത്തിൽ 849-ാം റാങ്കും ഇന്ത്യയിൽ 37-ാം സ്ഥാനവും കുസാറ്റ് കരസ്ഥമാക്കി. കേരളത്തിലെ സർവകലാശാലകളിൽ ഒന്നാമതെത്താൻ സർവകലാശാലയ്ക്ക് സാധിച്ചു. ഈ പട്ടികയിൽ ഇടംപിടിച്ച ലോകത്തെ ആദ്യ ആയിരം സർവകലാശാലകളിൽ, കേരളത്തിൽ നിന്നുള്ള ഏക ഉന്നതവിദ്യാഭ്യാസ സ്ഥാപനമെന്ന പ്രത്യേകതയും കുസാറ്റിനുണ്ട്.
ലോകമെമ്പാടുമുള്ള 107 മേഖലകളിൽ നിന്നായി രണ്ടായിരത്തിലധികം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ഈ റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം, സാമൂഹികമായ ഉത്തരവാദിത്തം, മികച്ച ഭരണനിർവഹണം എന്നീ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവകലാശാലകളുടെ പ്രവർത്തനം വിലയിരുത്തിയത്. ഇതിനു പുറമെ, പാരിസ്ഥിതിക വിദ്യാഭ്യാസം, ഗവേഷണ മികവ്, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇടപെടലുകൾ, തുല്യതയും ഉൾച്ചേർക്കലും, ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ, സാമൂഹിക പങ്കാളിത്തം എന്നിവയും റാങ്കിങ്ങിനായി പ്രത്യേകം പരിഗണിച്ചു.




