മകളുടെ വിയോഗത്തിൽ തകർന്ന് രാജേഷ്; വിങ്ങിപ്പൊട്ടി നാട്, ദിവയ്ക്ക് വിട

മാനന്തവാടി (വയനാട്) ∙ എടവക രണ്ടേനാലിൽ കാറിടിച്ച് ദാരുണമായി മരണപ്പെട്ട ആറാം ക്ലാസ് വിദ്യാർഥിനി ദിവയ്ക്ക് നാട് വിതുമ്പലോടെ അന്ത്യയാത്ര നൽകി. മകൾ ഇനിയില്ലെന്ന വാർത്തയറിഞ്ഞ് ഓസ്ട്രിയയിൽ നിന്നും നെഞ്ചുനീറിയെത്തിയ പിതാവ് രാജേഷ്, അവളുടെ ചേതനയറ്റ ശരീരത്തിനരികിൽ പ്രിയപ്പെട്ട ചോക്ലേറ്റ് പെട്ടികൾ വച്ചപ്പോൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണുനിറഞ്ഞു; അടക്കിവെച്ച സങ്കടം പലരും അലറിക്കരച്ചിലായി പുറത്തുവിട്ടു.
ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെയാണ് അന്ത്യകർമങ്ങൾ തുടങ്ങിയത്. വീട്ടിൽ നിന്നും വിലാപയാത്രയായി മൃതദേഹം ദീപ്തിഗിരി സെന്റ് തോമസ് പള്ളിയിലെത്തിച്ചു. രൂപതയുടെ പ്രത്യേക അനുമതിയോടെ നടന്ന സംസ്കാര ശുശ്രൂഷയിൽ ദിവയ്ക്ക് വേണ്ടി പ്രത്യേക കുർബാനയും അർപ്പിച്ചു. മകൾക്ക് അന്ത്യാഞ്ജലിയായി ഗായകസംഘത്തോടൊപ്പം രാജേഷ് തന്നെ പാട്ടുകൾ പാടിയത് വിങ്ങലോടെയല്ലാതെ ആർക്കും കേട്ടുനിൽക്കാനായില്ല.




