NEWS

എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റ് ഒഴിവ്: രജിസ്ട്രേഷൻ ഫീസ് 75,000 രൂപ വരെ

തിരുവനന്തപുരം: മെഡിക്കൽ, ഡെന്റൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തുന്നതിനായുള്ള സ്പെഷ്യൽ സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് വൻ തുക രജിസ്ട്രേഷൻ ഫീസായി ഈടാക്കാനുള്ള തീരുമാനവുമായി എൻട്രൻസ് കമ്മിഷണറേറ്റ്. വിവിധ കോഴ്സുകളിലേക്ക് ഓപ്ഷൻ നൽകുന്നതിനായി 75,000 രൂപ വരെയാണ് ഫീസായി നൽകേണ്ടത്. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ മാത്രം അപേക്ഷിക്കുന്നവർക്ക് 10,000 രൂപയാണ് ഫീസ്. അതേസമയം, സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലേക്ക് ഒരുമിച്ച് ഓപ്ഷൻ നൽകണമെങ്കിൽ 25,000 രൂപയും, സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് സീറ്റുകൾക്കായി 50,000 രൂപയും കെട്ടിവെക്കണം. സർക്കാർ, സ്വാശ്രയ മേഖലകളിലെ മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്ക് മൊത്തമായി ഓപ്ഷൻ നൽകുന്നവർ 75,000 രൂപ അടയ്ക്കേണ്ടി വരും. മൂന്ന് ഘട്ടങ്ങളായുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റുകൾക്ക് ശേഷവും സീറ്റുകൾ ഒഴിവു വന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

ഈ ഫീസിൽ നിന്ന് പട്ടികജാതി/വർഗ വിഭാഗങ്ങളെയോ, ഒ.ഇ.സി, മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവരെയോ, ശ്രീ ചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം എന്നിവിടങ്ങളിലെ അന്തേവാസികളെയോ ഒഴിവാക്കിയിട്ടില്ല. ഇവർക്കും 10,000 രൂപ വീതം ബാധ്യതയുണ്ടാകും. സ്വാശ്രയ കോളേജുകളിലെ എൻ.ആർ.ഐ, ന്യൂനപക്ഷ ക്വോട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്കും ഉയർന്ന നിരക്കിലുള്ള ഫീസ് ബാധകമാണ്. മികച്ച റാങ്ക് ഉണ്ടായിട്ടും സാമ്പത്തിക പ്രയാസം മൂലം ബാങ്ക് വായ്പയെ ആശ്രയിക്കുന്ന പല വിദ്യാർത്ഥികൾക്കും ഈ ഉയർന്ന രജിസ്ട്രേഷൻ ഫീസ് വലിയ തിരിച്ചടിയാണ്. അലോട്ട്മെന്റ് ലഭിച്ച ശേഷം മാത്രം ബാങ്ക് വായ്പ ലഭ്യമാകുന്ന സാഹചര്യത്തിൽ, എൻട്രൻസ് കമ്മിഷണറേറ്റിന്റെ ഈ തീരുമാനം അർഹരായ പലർക്കും പ്രവേശനം നിഷേധിക്കപ്പെടാൻ കാരണമാകുമെന്ന് ആക്ഷേപമുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് രജിസ്ട്രേഷൻ ഫീസിൽ വലിയ വർധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.

ഓപ്ഷൻ രജിസ്ട്രേഷന്റെ കാര്യത്തിൽ കർശനമായ നിബന്ധനകളാണുള്ളത്. രജിസ്ട്രേഷൻ ഫീസ് അടച്ചാൽ മാത്രമേ ഓപ്ഷനുകൾ സമർപ്പിക്കാൻ സാധിക്കൂ. ഒരിക്കൽ ഫീസ് അടച്ചുകഴിഞ്ഞാൽ പിന്നീട് യാതൊരു മാറ്റവും അനുവദിക്കില്ല. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ പ്രവേശനം ലഭിക്കുന്നവരുടെ കാര്യത്തിൽ രജിസ്ട്രേഷൻ ഫീസ് ട്യൂഷൻ ഫീസുമായി ക്രമീകരിക്കും. അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രവേശന നടപടികൾക്ക് ശേഷം ഫീസ് തിരികെ ലഭിക്കും. താൽപ്പര്യമുള്ളവർക്ക് 6-ാം തീയതി വൈകിട്ട് 5 മണി വരെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓപ്ഷൻ രേഖപ്പെടുത്താം. സംസ്ഥാന മെഡിക്കൽ റാങ്ക് ലിസ്റ്റിലുള്ളവർക്ക് മാത്രമാണ് ഇതിന് അർഹതയുള്ളത്. അഖിലേന്ത്യാ ക്വോട്ടയിൽ പ്രവേശനം നേടിയവരെ പരിഗണിക്കില്ല.

സീറ്റുകൾ ഒഴിഞ്ഞുപോകാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് എൻട്രൻസ് കമ്മിഷണറേറ്റിന്റെ വിശദീകരണം. തങ്ങൾക്ക് പ്രവേശനം ലഭിക്കാൻ സാധ്യതയുള്ള കോഴ്സുകളിൽ മാത്രം ഓപ്ഷൻ നൽകാൻ വിദ്യാർത്ഥികളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ അലോട്ട്മെന്റിന് ശേഷവും ഒഴിവുകൾ തുടരുകയാണെങ്കിൽ വീണ്ടും അലോട്ട്മെന്റ് നടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു. “സീറ്റുകൾ ലാപ്സാകുന്നത് ഒഴിവാക്കാനാണ് ഇത്രയും തുക ഫീസായി നിശ്ചയിച്ചത്” എന്ന് എൻട്രൻസ് കമ്മിഷണറേറ്റ് വൃത്തങ്ങൾ അറിയിച്ചു.

Sports ⏭️

Read News ⏭️

Back to top button