പാക്കിസ്ഥാൻ ഫണ്ട് ആരോപണം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് അശുതോഷ് റാങ്കയുടെ വക്കീൽ നോട്ടിസ്

ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ സിജെപി സഹകൺവീനർ അശുതോഷ് റാങ്ക നിയമനടപടി സ്വീകരിച്ചു. മന്ത്രിക്ക് അയച്ച വക്കീൽ നോട്ടീസിൽ, നടത്തിയ പ്രസ്താവനകൾ പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാനനഷ്ടത്തിന് പരിഹാരമായി മൂന്ന് കോടി രൂപ നൽകണമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ തുക ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് സംഭാവനയായി നൽകുമെന്ന് അശുതോഷ് റാങ്ക തന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
അശുതോഷ് റാങ്കയ്ക്ക് ഫണ്ട് നൽകിയെന്ന് ആരോപിക്കപ്പെടുന്ന പാക്കിസ്ഥാനി രാഷ്ട്രീയക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. ഇതിനായി ഇടപാട് നടന്ന തീയതി, കൈമാറിയ തുക, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, മറ്റ് അനുബന്ധ തെളിവുകൾ എന്നിവ പുറത്തുവിടാൻ മന്ത്രിക്ക് ബാധ്യതയുണ്ടെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ലഭിച്ച വരുമാനം പൂർണ്ണമായും നിയമവിധേയമാണെന്നും കൃത്യമായ ബാങ്കിങ് മാർഗ്ഗങ്ങളിലൂടെയാണ് അത് കൈപ്പറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആദായനികുതി റിട്ടേണുകളിൽ ഈ വരുമാനം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കാനാവശ്യമായ ഒരു രേഖയും ഹാജരാക്കാൻ മന്ത്രിക്ക് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.




