NEWS
അയോധ്യയിലെ സംഭാവനക്കൊള്ളയിൽ കടുപ്പിച്ച് യോഗി; കുടുങ്ങുക മോദിയുടെ അടുപ്പക്കാർ

ന്യൂഡൽഹി ∙ അയോധ്യയിലെ ക്ഷേത്ര സംഭാവനക്കൊള്ളയിൽ ഉൾപ്പെട്ടവരെ പരസ്യമായി തള്ളി ആർഎസ്എസ് രംഗത്തെത്തിയതോടെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ കടുപ്പിക്കുമെന്ന് ഉറപ്പായി. ആരോപണമുയർന്ന് ദിവസങ്ങൾക്കകം പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടക്കം മുതൽ ശക്തമായ നിലപാടാണു സ്വീകരിച്ചത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നടപടികളോടുള്ള യോഗിയുടെ വിയോജിപ്പ് ഈ നീക്കങ്ങളിൽ വ്യക്തമായിരുന്നു. പ്രധാനമന്ത്രിയുമായി ഏറെ അടുപ്പമുള്ളവരാണു ട്രസ്റ്റിലുള്ളത്. വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റായ ചമ്പത് റായ് ആയിരുന്നു ജനറൽ സെക്രട്ടറി. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ മുഖ്യയജമാനന്റെ ചുമതലയിലുണ്ടായിരുന്നത് ട്രസ്റ്റ് അംഗം അനിൽ മിശ്രയായിരുന്നു. ആരോപണ നിഴലിലായ ഇരുവരും ട്രസ്റ്റിൽ നിന്നു രാജിവച്ചു. അറസ്റ്റിലായിട്ടില്ലെങ്കിലും ഏതു നിമിഷവും അതുണ്ടാകാം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള ശീതയുദ്ധത്തിന്റെ തുടർച്ചയാണ് നിലവിലെ സംഭവങ്ങളെന്നു കരുതുന്നവർ ഏറെയാണ്. ക്ഷേത്രകാര്യങ്ങളിലും ഉത്തർപ്രദേശിലെ രാഷ്ട്രീയ കാര്യങ്ങളിലും ആദിത്യനാഥിന്റെ അഭിപ്രായങ്ങൾ മാനിക്കാതെയായിരുന്നു പ്രധാനമന്ത്രി നീങ്ങിയിരുന്നത്. സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രസ്റ്റ് രൂപീകരിച്ചതു മുതൽ ഉത്തർപ്രദേശ് സർക്കാരിനു കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ നൃപേന്ദ്ര മിശ്രയായിരുന്നു രാമക്ഷേത്ര നിർമാണ സമിതിയുടെ ചുമതലക്കാരൻ. ക്ഷേത്രത്തിന്റെ നിലവിലെ ഭരണസംവിധാനങ്ങളും ആയിരത്തിലേറെ ജീവനക്കാരുടെ നിയമനങ്ങളുമെല്ലാം നടത്തിയതും ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു.
Source link


