NEWS
ബാല്യകാല സുഹൃത്തുമായി പ്രണയം; ഭർത്താവിനെ കൊല്ലാൻ ലൈവ് ലൊക്കേഷൻ അയച്ച് യുവതി, അറസ്റ്റ്

അമരാവതി ∙ ക്ഷേത്രദർശനത്തിനു പോയ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശിയായ രമേഷ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ഹാസിനി (19), ഇവരുടെ കാമുകൻ യുഗന്ധർ (20), മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിജിറ്റൽ തെളിവുകൾ, സിസിടിവി ദൃശ്യങ്ങൾ, സൈബർ സെൽ സഹായത്തോടെയുള്ള ഫോൺ പരിശോധന എന്നിവയിലൂടെ മണിക്കൂറുകൾക്കകമാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.പൊലീസ് പറയുന്നത് ഇങ്ങനെ:ക്ഷേത്രത്തിൽ പോയ മകളെയും കൊച്ചുമകളെയും കാണാനില്ലെന്ന് കാണിച്ച് ഹാസിനിയുടെ അമ്മ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. രമേഷിനൊപ്പം ബൈക്കിൽ ക്ഷേത്രത്തിലേക്ക് പോയ ഹാസിനി, പിന്നീട് മടങ്ങിവരുമ്പോൾ രമേഷിന്റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. തുടർന്ന് പൊലീസ്, മൊബൈൽ ഫോൺ രേഖകളും ലൊക്കേഷൻ വിവരങ്ങളും പരിശോധിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും രമേഷിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. രണ്ട് വർഷം മുൻപ് വിവാഹം കഴിക്കുമ്പോൾ ഹാസിനി ഒൻപതാം ക്ലാസ് വിദ്യാർഥിനിയും പ്രായപൂർത്തിയാകാത്ത ആളുമായിരുന്നു എന്ന് പ്രദേശവാസികൾ പൊലീസിനോട് വെളിപ്പെടുത്തി. ഈ വിവരങ്ങൾ സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ ബാലവിവാഹ നിരോധന നിയമപ്രകാരം പ്രത്യേക കേസുകൾ കൂടി റജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Fashion ⏭️


