NEWS

പൊലിഞ്ഞത് ഒരമ്മയുടെ സ്വപ്നം; ഉസ്ബെക്കിസ്ഥാനിൽ തലയ്ക്കടിയേറ്റ് മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം ഇന്ന് എത്തിച്ചേക്കും


ഹരിപ്പാട് / മലപ്പുറം ∙ ഉസ്ബെക്കിസ്ഥാനിൽ സുഹൃത്തുമായുള്ള വാക്കുതർക്കത്തിനിടെ ലാപ്ടോപ് കൊണ്ടു തലയ്ക്കു ഗുരുതര അടിയേറ്റ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകൾ സാവരിയ ബസന്താണ് (21)  മരിച്ചത്. സഹപാഠി മലപ്പുറം പുലാമന്തോൾ കട്ടുപ്പാറ ഇറവത്ത് കിഴക്കേത്തൊടി സദറുൽ അനമിനെ(22)  ഇതേത്തുടർന്ന് അവിടെ പൊലീസ് കസ്റ്റഡിയിലെടുത്തതായി നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചു.സാവരിയയും സദറുൽ അനമും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംസാരിച്ചു കൊണ്ടുനിൽക്കുമ്പോൾ സദറുൽ അനം പെട്ടെന്നു പ്രകോപിതനായെന്നും വാക്കുതർക്കത്തിനിടെ ലാപ്ടോപ്കൊണ്ടു സാവരിയയുടെ തലയ്ക്ക് അടിച്ചെന്നുമാണു നാട്ടിൽ ലഭിച്ച വിവരം. ബോധരഹിതയായി വീണ സാവരിയയെ സദറുൽ അനം തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ദുബായിൽ ജോലി ചെയ്യുന്ന സാവരിയയുടെ പിതൃസഹോദരൻ വിവരമറിഞ്ഞ് ഉസ്ബെക്കിസ്ഥാനിലെത്തി. മൃതദേഹം 2 ദിവസത്തിനകം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.പൊലിഞ്ഞത് ഒരമ്മയുടെ സ്വപ്നം….  ഹരിപ്പാട് ∙ മകളെ ഡോക്ടറാക്കണം – സാവരിയയുടെ അമ്മ മിനി സുപ്രഭയുടെ വലിയ ആഗ്രഹം അതായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസ് പഠനത്തിന്  പോയത്. ആദ്യ സെമസ്റ്റർ പരീക്ഷ ഈയിടെ കഴിഞ്ഞു. നന്നായി പരീക്ഷ എഴുതിയെന്നു സാവരിയ അറിയിച്ചതോടെ മിനിക്കു സമാധാനമായി. സാവരിയയുടെ പിതാവ് ബസന്ത് കുവൈത്തിലാണ്. പള്ളിപ്പാട് ഹോളി ഏഞ്ചൽസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകൻ സാവന്തും മിനിയുമാണു നാട്ടിലെ വീട്ടിൽ.  


Source link

Back to top button