NEWS
സർക്കാർ വകുപ്പുകൾ തമ്മിൽ ഭൂമി തർക്കം: വാഗമണ്ണിനു നഷ്ടമായത് ഹെലിപാഡ് ഉൾപ്പെടെയുള്ള ടൂറിസം ഹബ് പദ്ധതി

പീരുമേട് ∙ വാഗമണ്ണിലെ 950 ഏക്കർ സർക്കാർ ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി ടൂറിസം, വനം, റവന്യു വകുപ്പുകൾ തമ്മിൽ തർക്കം. സർക്കാർ വകുപ്പുകൾ തമ്മിലുള്ള പോരുമൂലം വാഗമണ്ണിനു നഷ്ടമായിരിക്കുന്നതു ഹെലിപാഡ് ഉൾപ്പെടെ വിഭാവനം ചെയ്ത രാജ്യാന്തര നിലവാരമുള്ള ടൂറിസം ഹബ് പദ്ധതി. വാഗമൺ വില്ലേജിൽ പ്രൊപ്പോസ്ഡ് റിസർവായി വിജ്ഞാപനം ചെയ്ത സ്ഥലത്തിനാണ് ടൂറിസം വകുപ്പിന്റെ അവകാശവാദമെന്ന് വനംവകുപ്പ് പറയുന്നു. നാലു പതിറ്റാണ്ടു മുൻപുതന്നെ സാമൂഹിക വനവൽക്കരണ പദ്ധതിക്കായി സർക്കാർ ഇവിടെ ഭൂമി വിട്ടുനൽകിയിരുന്നുവെന്നാണ് വനം വകുപ്പ് പറയുന്നത്.എന്നാൽ വാഗമണ്ണിലെ വിനോദസഞ്ചാര വികസനത്തിനായി സർക്കാർ അനുവദിച്ചു നൽകിയ സ്ഥലം അളന്നു തിട്ടപ്പെടുത്തി നൽകുന്നില്ലെന്ന് ടൂറിസം വകുപ്പ് പരാതി ഉന്നയിക്കുന്നു. വനം വകുപ്പ് ഈ സ്ഥലങ്ങൾ കൈവശപ്പെടുത്താൻ വേണ്ടി സ്വന്തം നിലയിലാണ് വിജ്ഞാപനം ഇറക്കിയതെന്നും ഇതു നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ടൂറിസം, റവന്യു വകുപ്പുകൾ പറയുന്നത്.
Source link


