NEWS

ഹോർമുസിനോട് ചേർന്ന് 20 യുഎസ് പടക്കപ്പലുകൾ ; ഒരു അമേരിക്കൻ സൈനികനും ജീവനോടെ പോകില്ലെന്ന് ഇറാൻ


ടെഹ്റാൻ/ വാഷിങ്ടൻ∙ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി കനക്കവേ ഹോർമുസിനു സമീപം യുഎസ് സൈന്യത്തിന്റെ ശക്തിപ്രകടനം. ഹോർമുസുമായി അടുത്ത പ്രദേശങ്ങളിൽ 20 യുദ്ധക്കപ്പലുകൾ പട്രോളിങ്ങിനായി വിന്യസിച്ചെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മേഖലയിൽ സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും യുഎസ് കൂട്ടിച്ചേർത്തു. അതിനിടെ, ഇറാനുനേരെ ഇന്ന് രാത്രി ശക്തമായ ആക്രമണം നടത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ രംഗത്തെത്തി. ട്രംപിന് അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും ട്രംപിന്റെ ഭീഷണി തോൽവിയാണ് കാണിക്കുന്നതെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഖാരിബ്അബാദി പറഞ്ഞു. ‘ഇറാനെ അപമാനിക്കുന്നതു മുതൽ ആക്രമണ ഭീഷണി മുഴക്കിയത് ഉൾപ്പെടെയുള്ള ട്രംപിന്റെ ഇന്നത്തെ പ്രസ്താവനകൾ ശക്തിയല്ല, മറിച്ച് ഉപരോധങ്ങളും ആക്രമണങ്ങളും ഭീഷണികളും ഉൾപ്പെടുത്തി പടുത്തുയർത്ത നയങ്ങളുടെ പരാജയത്തെയാണ് കാണിക്കുന്നത്. ഇവയൊന്നും ഇറാനെ മുട്ടുകുത്തിച്ചിട്ടില്ല. ക്രിമിനലും കൊലയാളിയുമായ ട്രംപിനോട് അയാളുടെ ഭാഷയിൽ തന്നെ സംസാരിക്കണം. കാരണം ബലപ്രയോഗത്തിന്റെ ഭാഷയാണ് അദ്ദേഹത്തിന് കൂടുതൽ മനസ്സിലാകുന്നത്.’–ഖാരിബ് അബാദി എക്സിൽ പറഞ്ഞു. അതിനിടെ, യുഎസ് ന‍ടത്തിയ ആക്രമണങ്ങളിൽ എട്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ സൈന്യം അറിയിച്ചു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെ ഇറാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ച് യുഎസ് ചൊവ്വാഴ്ച അർധരാത്രി മുതൽ ആക്രമണം ആരംഭിച്ചിരുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെയാണ് മേഖലയിൽ യുദ്ധപ്രതീതി സൃഷ്ടിച്ച് വെടിനിർത്തൽ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചത്. കപ്പലുകൾക്ക് നേരെ ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ടതായി ആരോപിച്ച ട്രംപ്, ഇറാന്റേത് വളരെ മോശം പെരുമാറ്റമാണെന്നും കുറ്റപ്പെടുത്തി.


Source link

Back to top button