NEWS
സഹകരണമില്ലെങ്കിൽ നിയമനടപടി, യോഗത്തിന് എത്താൻ സമൻസ്; കോറോഹെൽത്തിനു മുന്നറിയിപ്പുമായി തൊഴിൽ മന്ത്രി

കൊച്ചി ∙ യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് പരിഹരിക്കാൻ കമ്പനിയുടെ ഭാഗത്തു നിന്ന് സഹകരണം ഉണ്ടായില്ലെങ്കിൽ കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ നിയമനടപടി സ്വീകരിക്കുമെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാനും കമ്പനിയുടെ കേരളത്തിലെ പ്രവർത്തനം നിലനിർത്തി ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കാനുമാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ജൂലൈ 10 വെള്ളിയാഴ്ച നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, തൊഴിൽ വകുപ്പ് ആവർത്തിച്ച് ഇടപെട്ടിട്ടും കോറോഹെൽത്ത് മാനേജ്മെന്റ് അനുകൂലമായി പ്രതികരിക്കാത്തതിനാൽ വെള്ളിയാഴ്ച യോഗം നടക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ജീവനക്കാർ ഇന്നും കോറോഹെൽത്ത് കമ്പനിയിൽ എത്തിയെങ്കിലും സ്ഥാപനം ഇന്നും അടഞ്ഞുകിടക്കുകയായിരുന്നു. അതിനിടെ, ബുധനാഴ്ചയും ജീവനക്കാരെ കൊച്ചിയിലെ കോറോഹെൽത്ത് ഓഫിസിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ഓഫിസിനു പുറത്ത് ജോലിക്കായി എത്തിയ ജീവനക്കാരുടെ ഹാജർ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നും രേഖപ്പെടുത്തി. വെള്ളിയാഴ്ചത്തെ യോഗം വരെ ഈ ഹാജർ രേഖപ്പെടുത്തൽ തുടരുമെന്നും ജോലിക്കെത്തുന്ന ജീവനക്കാരെ ഡ്യൂട്ടിയിലുള്ളവരായി പരിഗണിക്കുമെന്നും അധികൃതർ അറിയിച്ചു.
Source link


