NEWS

യുക്രെയ്നിൽ ‘മലക്കംമറിഞ്ഞ്’ ലോറ ലൂമർ; സെലെൻസ്കിയെ കണ്ടു, അടച്ചിട്ട മുറിയിൽ അന്ന് നടന്നതെന്ത്? സ്ഫോടനാത്മക അഭിമുഖം പുറത്തേക്ക്


പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലെ യുദ്ധം ലോക സമ്പദ്‍വ്യവസ്ഥയെ ഉലയ്ക്കുമ്പോൾ മറുവശത്ത് എരിതീയിൽ എണ്ണയെന്നോണം യുക്രെയ്നും റഷ്യയും തമ്മിലെ പോരും മുറുകുകയാണ്. ക്രൂഡോയിൽ വില 100 ഡോളറും കടന്ന് കത്തിക്കയറി. ലോകമാകെ പണപ്പെരുപ്പക്കാറ്റ് ആഞ്ഞടിക്കുന്നു. ഓഹരി വിപണികളും നഷ്ടക്കയത്തിലായി. ഏഴും എട്ടും യുദ്ധങ്ങളൊക്കെ നിർത്തിയെന്ന് അവകാശപ്പെടുന്ന യുഎസ് പ്രസിഡന്റ് ട്രംപിന് ഇതുവരെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിനൊരു പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ യുക്രെയ്ന് യുഎസ് ആയുധസഹായങ്ങൾ നൽകുന്നുണ്ട്. ഇപ്പോഴിതാ, ഇത്രയും കാലം യുക്രെയ്നെതിരായ റഷ്യയുടെ ആക്രമണത്തെ ‘ന്യായീകരിച്ചിരുന്ന’, ട്രംപിന്റെ അനുയായി ലോറ ലൂമറിന്റെ മലക്കംമറിച്ചിലാണ് ഏവരുടെയും ശ്രദ്ധനേടുന്നത്. തീവ്രവലതു ചിന്താഗതിക്കാരിയായ ലോറയെ സാമൂഹികമാധ്യമങ്ങളിൽ പിന്തുടരുന്നത് 20 ലക്ഷത്തിലധികം പേരാണ്.യുക്രെയ്നിലെത്തിയ ലോറ ലൂമർ, പ്രസിഡന്റ് സെലെൻസ്കിയുമായി അഭിമുഖം നടത്തി. എന്തിനാണ് യുക്രെയ്നിൽ എത്തിയതെന്നോ സെലെൻസ്കിയെ കണ്ടതെന്നോ ലോറ വ്യക്തമാക്കിയിട്ടില്ല. യുഎസിൽ, ഓവൽ ഓഫിസിൽവച്ച് ട്രംപും വൈസ് പ്രസിഡന്റ് വാൻസും സെലെൻസ്കിയും അടച്ചിട്ട മുറിയിൽ‌ ചർച്ച നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാൽ, താനുമായുള്ള അഭിമുഖത്തിൽ സെലെൻസ്കി എല്ലാം തുറന്നുപറഞ്ഞെന്നും സ്ഫോടനാത്മകമായ വിവരങ്ങളുമായി അഭിമുഖം ഉടൻ പുറത്തുവരുമെന്നും ലോറ ലൂമർ എക്സിൽ എഴുതിയിട്ടുണ്ട്.


Fashion ⏭️

Back to top button