തിരുവനന്തപുരം കോർപ്പറേഷൻ; മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം

മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവുമായി സിപിഎം. വിഷയത്തിൽ പാർലമെന്ററി പാർട്ടി ലീഡർ എസ് പി ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതെന്നും ഇത് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ വാദം.
അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. ഹർജിയിൽ തിരഞ്ഞടുപ്പ് കമ്മിഷനും 20 ബിജെപി കൗൺസിലർമാർക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.
ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിന് പിന്നാലെയാണ് തിരുവനന്തപുരം കോർപറേഷനിലെ ബിജ.പി കൗൺസിലർമാർ ‘ദൈവനാമത്തിൽ” വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് യോഗ്യത നേടിയത്. ഡെപ്യൂട്ടി മേയർ ആശാനാഥ് അടക്കം 19 പേരായിരുന്നു വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിനുള്ളിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു സത്യപ്രതിജ്ഞ. കോടതി റദ്ദാക്കിയ 20 ബിജെപി കൗൺസിലർമാരുടെ പട്ടികയിൽ സുഗതനും ഉൾപ്പെട്ടിരുന്നു. ഒരു ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത് കേരള ചരിത്രത്തിൽ ആദ്യമാണ്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷായിരുന്നു സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
English Summary
CPI(M) has approached the Kerala High Court seeking cancellation of the Thiruvananthapuram Corporation Mayor and Deputy Mayor elections. The party argues that BJP councillors whose oaths were invalidated by the court participated in voting illegally. The court has issued notices to the Election Commission and 20 BJP councillors, seeking replies within three weeks.
RELATED TOPICS: THIRUVANANTHAPURAM MAYOR ELECTION, CPM KERALA, KERALA HIGH COURT, TRIVANDRUM MAYOR CASE, MAYOR ELECTION KERALA
Read News ⏭️


