NEWS
മന്ത്രി മോൻസ് ജോസഫിന്റെ ഇടപെടലിൽ തണ്ണീർമുക്കം ബണ്ട് റോഡിലെ അറ്റകുറ്റപ്പണിക്ക് തുടക്കം; ബിഎംബിസി നിലവാരത്തിൽ ടാറിങ്

വെച്ചൂർ ∙ തണ്ണീർമുക്കം ബണ്ടിനു മുകളിലൂടെയുള്ള റോഡിലെ അറ്റകുറ്റപ്പണികൾക്കു തുടക്കമായി. തണ്ണീർമുക്കം പഞ്ചായത്തിൽ നിന്നു ബണ്ടിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ റോഡിലെ അറ്റകുറ്റപ്പണികൾക്കാണ് ഇന്നലെ തുടക്കമായത്. കുഴികൾ അടച്ച് റോഡിൽ പ്രാഥമിക ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കാനാണു നിർദേശം. ജലവിഭവ വകുപ്പിന്റെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിനാണു നിർമാണ ചുമതല. 1.41 കോടി രൂപയാണു നവീകരണത്തിനായി അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ മേജർ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്.വെച്ചൂർ പള്ളിയിലെ എട്ട് നോമ്പ് തിരുനാളിന്റെ ഭാഗമായാണ് അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നത്. നാളെയ്ക്കുള്ളിൽ ബണ്ടിനു മുകളിലൂടെയുള്ള റോഡിലെ കുഴികൾ അടച്ച് ടാറിങ് നടത്താനാണു നിർദേശം. കഴിഞ്ഞ ദിവസം മന്ത്രി മോൻസ് ജോസഫ് വിളിച്ചു ചേർത്ത യോഗത്തിലാണു റോഡിലെ കുഴികൾ അടച്ച് പ്രാഥമികമായി ടാറിങ് നടത്താൻ തീരുമാനിച്ചത്.വാഹനങ്ങളെ നിയന്ത്രിച്ച് കടത്തി വിട്ടാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. വെച്ചൂർ പഞ്ചായത്തിൽ നിന്നും തണ്ണീർമുക്കം പഞ്ചായത്തിൽ നിന്നും പ്രവേശിക്കുന്ന ബണ്ടിന്റെ ഒന്നും രണ്ടും റീച്ചുകൾക്കു മുകളിലൂടെയുള്ള റോഡാണു പൂർണമായും തകർന്നുകിടക്കുന്നത്. ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. മധ്യഭാഗത്തെ മൂന്നാം റീച്ചിനു മുകളിലുള്ള റോഡ് ഗതാഗത യോഗ്യമാണ്. 15നു ശേഷം റോഡിൽ ബിഎംബിസി നിലവാരത്തിൽ ടാറിങ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Fashion ⏭️


