NEWS

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സ്വപ്ന സുരേഷ് ആറാം പ്രതി; ശിവശങ്കറിനെ ഉൾപ്പെടുത്താതെ കുറ്റപത്രം


കൊച്ചി ∙ സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ കോലാഹലങ്ങൾ സൃഷ്ടിച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ സ്വർണക്കടത്തു കേസിലെ പ്രതിയായിരുന്ന സ്വപ്ന സുരേഷ് ആറാം പ്രതി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ കഴിഞ്ഞയാഴ്ച സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ പക്ഷേ, മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ ഉൾപ്പെടുത്തിയിട്ടില്ല. ശിവശങ്കറിനും ലൈഫ് മിഷൻ മുൻ സിഇഒ യു.വി.ജോസ്, ലൈഫ് മിഷനിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് എതിരെയുള്ള അന്വേഷണം തുടരുകയാണെന്നും വൈകാതെ അവർക്കെതിരെയുള്ള കുറ്റപത്രം സമർപ്പിക്കുമെന്നും സിബിഐ വൃത്തങ്ങൾ പറഞ്ഞു. ശിവശങ്കർ കേസിലെ ഏഴാം പ്രതിയാണ്. കൂടുതൽ‍ ലൈഫ് മിഷൻ ഉദ്യോഗസ്ഥർ പ്രതികളാകും എന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കരാറുകാരായ യൂണിടെക്കിന്റെ മാനേജിങ് പാർട്ണർ സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. അദ്ദേഹത്തിന്റെ നിർമാണ കമ്പനിയായ സെയ്ൻ വെഞ്ചേഴ്സ് രണ്ടും ലൈഫ് മിഷൻ മൂന്നും എന്നിങ്ങനെയാണ് പ്രതിസ്ഥാനത്തുള്ളത്. സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ, മുൻ യുഎഇ കോൺസുലേറ്റ് പിആർഒ പി.എസ്.സരിത്ത്, സ്വപ്ന സുരേഷ് എന്നിവരാണ് യഥാക്രമം തുടർന്നുള്ള പ്രതിപ്പട്ടികയിലുള്ളത്.


Fashion ⏭️

Back to top button