‘എന്റെ മരണത്തിന് ഉത്തരവാദി എം.വി.ഡി’ ആത്മഹത്യയ്ക്ക് മുമ്പ് ഓട്ടോ ഡ്രൈവറുടെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം: ‘എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. ഓട്ടോ റിക്ഷയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് കൈക്കൂലി കൊടുത്തില്ലെന്ന ഏക കാരണം കൊണ്ട് എന്റെ ജീവിതമാർഗം തന്നെ തകർത്തു. പത്തുമാസമാണ് എം.വി.ഡി ഓഫീസുകൾ കയറിയിറങ്ങിയത്. മുന്നിൽ മറ്റു മാർഗങ്ങളില്ല. ടാക്സി പെർമിറ്റ് ഉൾപ്പെടെയുള്ള രേഖകളുടെ കാലാവധി അവസാനിച്ചു. ബാങ്ക് വായ്പാ തിരിച്ചടവും മുടങ്ങി.” മോട്ടോർ വാഹന വകുപ്പിലെ അഴിമതിയിൽ മനംമടുത്ത് ആത്മഹത്യ ചെയ്ത
കിഴിശ്ശേരി മുണ്ടംപറമ്പ് ആനക്കല്ലിങ്ങൽ സ്വദേശി ഓട്ടപ്പറമ്പ് ഷൗക്കത്തിന്റെ (33) ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്.
നിർമ്മാണത്തിലിരിക്കുന്ന സ്വന്തം വീട്ടിലാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ചത്. അരീക്കോട് പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ച ശേഷമാണ് ജീവനൊടുക്കിയത്. അഞ്ചുദിവസം മുമ്പ് ജന്മദിനത്തിലും സമാനമായ ആരോപണം പോസ്റ്റ് ചെയ്തിരുന്നു. പരേതരായ കുഞ്ഞിമുഹമ്മദ്- പാത്തുമ്മ ദമ്പതികളുടെ മകനായ ഷൗക്കത്ത് അവിവാഹിതനാണ്. മുണ്ടംപറമ്പ് പള്ളിയിൽ കബറടക്കി. അരീക്കോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗതാഗത വകുപ്പ് മന്ത്രി ട്രാൻസ്പോർട്ട് കമ്മിഷണറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഏജന്റില്ലെങ്കിൽ ‘അൺഫിറ്റ്”
1.2025 നവംബർ 13നാണ് ഫിറ്റ്നസ് പരിശോധനയ്ക്കായി കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെത്തിയത്. ഏജന്റുമാരെ ഒഴിവാക്കിയതിനാൽ പെയിന്റിംഗിലെ സൂക്ഷ്മമായ പോരായ്മകൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. അത് പരിഹരിച്ചപ്പോൾ ഓട്ടോയുടെ വശങ്ങളിലെ സ്റ്റീൽ കമ്പികൾ മുറിച്ചുമാറ്റണമെന്നായി. സ്റ്റീൽ വർക്ക് നിയമവിരുദ്ധമല്ലെന്ന് കഴിഞ്ഞ രണ്ടുതവണ സർട്ടിഫൈ ചെയ്തത് ഇതേ എം.വി.ഡി തന്നെയാണെന്നും പോസ്റ്റിൽ പറയുന്നു. സമാനമായ സ്റ്റീൽവർക്കുകളുള്ള നിരവധി ഓട്ടോറിക്ഷകൾക്ക് ഫിറ്റ്നസ് അനുവദിച്ചെന്നും ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നു. കാരണം രേഖാമൂലം ആവശ്യപ്പെട്ട് 11 തവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും ലഭിച്ചില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിട്ടും പ്രതികരണമുണ്ടായില്ല.
2.അഞ്ചുവർഷം മുമ്പാണ് ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങിയത്. രണ്ടുതവണ ഏജന്റുമാർ മുഖേനയാണ് ഫിറ്റ്നസ് നേടിയത്. ഫീസിന് പുറമെ 2,000 രൂപ നൽകിയാൽ വാഹനം ഹാജരാക്കി ഫിറ്റ്നസ് നേടാമെന്നും 4,000 രൂപ നൽകിയാൽ വാഹനം കാണിക്കാതെ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഏജന്റുമാർ പറഞ്ഞു. അഴിമതിക്ക് കൂട്ടുനിൽക്കാൻ താത്പര്യമില്ലാത്തതിനാലാണ് ഇത്തവണ നേരിട്ട് അപേക്ഷിച്ചത്.
മാതാപിതാക്കളോ സഹോദരങ്ങളോ ഭാര്യയോ കുട്ടിയോ ഇല്ല. മരണശേഷമെങ്കിലും നീതി വാങ്ങിത്തരണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
പ്രശാന്ത് ഐ.എ.എസ് എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ്” എന്ന പുസ്തകം വായിക്കാൻ നിർദ്ദേശിച്ചുകൊണ്ട് ‘അഴിമതി തുലയട്ടെ” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.


