NEWS

ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിനു വീട് കയറി ആക്രമിച്ചു; അഭിഭാഷകന്റെ പിതാവിന് ദാരുണാന്ത്യം, കുത്തേറ്റത് കിഡ്നിക്കും പാൻക്രിയാസിനും


കൊച്ചി∙ ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തിൽ അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. പുതുവൈപ്പ് മുരിക്കുംപാടം തൊണ്ടുങ്കൽ മോഹൻദാസ് (80) ആണ് മരിച്ചത്. ഓഗസ്റ്റ് 13 നായിരുന്നു ആക്രമണം. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ നിലവിൽ റിമാൻഡിലാണ്. ഇവർക്കെതിരെ ഞാറയ്ക്കൽ പൊലീസ് കൊലക്കുറ്റം കൂടി ചുമത്തും.അഭിഭാഷക ദമ്പതികളായ ടി.എം.ഡോൾഗോ, നീമ എന്നിവരുടെ വീടിനു നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ പ്രദേശവാസികൾ തന്നെയായ ഡസ്റ്റർ (വേലു), ഡൈനാസ്റ്റർ (വാവക്കുട്ടി) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിക്കെതിരെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ പരാതിക്കാരിയുടെ അഭിഭാഷകനാണ് മോഹൻദാസിന്റെ മകൻ ഡോൾഗോ. ഈ കേസ് ഏറ്റെടുത്തതിലുള്ള വൈരാഗ്യം മൂലം കുടുംബത്തെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് അക്രമികൾ എത്തിയത് എന്നാണ് എഫ്ഐആറിൽ പറയുന്നത്. സംഭവം നടക്കുമ്പോൾ അഭിഭാഷകർ വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയം വീടിന്റെ സിറ്റൗട്ടിൽ അതിക്രമിച്ചു കയറിയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് ‘നിന്റെ മകൻ എവിടെടാ?’ എന്ന് ചോദിച്ച് മോഹൻദാസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മോഹൻദാസിന്റെ ഭാര്യയോട് തട്ടിക്കയറിയ പ്രതികൾ അദ്ദേഹത്തെ ബലമായി പുറത്തേക്കു വലിച്ചിഴച്ചിട്ടു.


Fashion ⏭️

Back to top button