NEWS
പൊലീസ് വാഹനം ലക്ഷ്യമിട്ട് പാക്കിസ്ഥാനിൽ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരുക്ക്

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ പൊലീസ് വാഹനത്തെ ലക്ഷ്യമിട്ട് നടന്ന ശക്തമായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. സ്വാത് ജില്ലയിലെ നഗരത്തിൽ പ്രാദേശിക ഗോത്ര കൗൺസിലായ സ്വാത് അമൻ ജിർഗയുടെ നേതൃത്വത്തിൽ സമാധാന റാലി നടക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രദേശത്ത് സുരക്ഷാ സ്ഥിതി വഷളാകുന്നതിനെതിരെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി. റാലിയിൽ പങ്കെടുത്തവർ സമാധാനത്തിനായി മുദ്രാവാക്യങ്ങൾ വിളിക്കുകയും പ്ലക്കാർഡുകൾ ഏന്തുകയും ചെയ്തിരുന്നു. ഇതൊരു ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിനു തൊട്ടുപിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പൊലീസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് പ്രദേശം പൂർണമായും വളഞ്ഞിരിക്കുകയാണ്.
Fashion ⏭️


