NEWS
എം.ആർ.അജിത് കുമാറിന് തിരിച്ചടി: സസ്പെൻഷന് സ്റ്റേ ഇല്ല; ഡിജിപി ആകാൻ യോഗ്യനല്ലെന്ന് സർക്കാർ

കൊച്ചി ∙ ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ പേരിലുണ്ടായ സസ്പെൻഷന്‍ വിഷയത്തില്‍ എഡിജിപി എം.ആർ. അജിത് കുമാറിന് തിരിച്ചടി. തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. സസ്പെന്‍ഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി. ഹർജി അടുത്ത മാസം 20ന് ട്രൈബ്യൂണൽ വീണ്ടും പരിഗണിക്കും. തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നാണ് അജിത് കുമാർ വാദിച്ചത്. ഉത്തരവ് ഇറക്കേണ്ടിയിരുന്നത് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിന്റെ തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ പകരം ഗവർണറുടെ പേരിൽ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഇത് നിയമവിരുദ്ധമാണെന്നും അജിത് കുമാർ വാദിച്ചു. തനിക്ക് അടുത്തു തന്നെ ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ സർക്കാർ തന്നെ സസ്പെൻഡ് ചെയ്തു. സസ്പെൻഷന് കാരണമായി പറയുന്ന കുറ്റങ്ങൾ താൻ ചെയ്തിട്ടില്ല. തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണ്. അതുകൊണ്ട് സസ്പെൻഷൻ അടിയന്തരമായി സ്റ്റേ െചയ്യണമെന്നും ഹർജിയിൽ വിശദമായി വാദം കേൾക്കണം. മാത്രമല്ല, തനിക്കെതിരെ എസ്ഐടി അന്വേഷണം പോലും നിലനിൽക്കുന്നതല്ല. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തനിക്കെതിരെയുള്ള കേസ് അന്വേഷിച്ചത്. ഇത് സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. തന്റെ സസ്പെൻഷനു പിന്നിൽ മറ്റ് ഉദ്ദേശങ്ങളുണ്ട് തുടങ്ങിയ വാദങ്ങളും അജിത് കുമാർ മുന്നോട്ടു വച്ചു.
Fashion ⏭️


