NEWS

സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസല്യാർ അന്തരിച്ചു


മലപ്പുറം∙ സമസ്ത ജനറൽ സെക്രട്ടറി പ്രഫ.കെ.ആലിക്കുട്ടി മുസല്യാർ (81) അന്തരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് പ്രവർത്തകർ അദ്ദേഹത്തിന്റെ തിരൂർക്കാട്ടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കബറടക്കം നാളെ 10ന് തിരൂർക്കാട് അൻവാറുൽ ഇസ്‌ലാം മസ്ജിദിൽ. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പ്രസിഡന്റ്, സമസ്‌ത ഫത്‌വ കമ്മിറ്റി അംഗം, സുന്നി അഫ്കാർ വാരിക ചീഫ് എഡിറ്റർ പദവികൾ വഹിക്കുകയായിരുന്നു. കേരള ഹജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായിരുന്നു. ആൾ ഇന്ത്യ പഴ്സനൽ ലോ ബോർഡ്, മുസ്‌ലിം വേൾഡ് ലീഗ് ഫിഖ്ഹ് കൗൺസിൽ എന്നീ സമിതികളിൽ പ്രത്യേക ക്ഷണിതാവാണ്. 1945ൽ മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കും മുറിയിൽ ജനനം. പിതാവ്: തിരൂർക്കാട് കുന്നത്ത് മൂസ ഹാജി. മാതാവ്: ഇയ്യാത്തുട്ടി മാടമ്പി. കുന്നത്ത് ആലി ഹാജിയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. 1964ൽ പട്ടിക്കാട് ജാമിഅനൂരിയ്യയിൽ ഉപരിപഠനത്തിനായി ചേർന്നു. വർഷങ്ങൾക്കുശേഷം 2003 ൽ അവിടെ പ്രിൻസിപ്പലായി നിയമിതനായി. 2013ൽ കാസർകോട് ഖാസിയായി നിയമിക്കപ്പെട്ടു. 1986ലാണ് സമസ്ത കേന്ദ്ര മുശാവറയിൽ അംഗമായത്. 2010ൽ സമസ്ത ജോയിന്റ് സെക്രട്ടറിയായി. 2016ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി രാജ്യാന്തര വേദികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button