‘പൊലീസിനെ ആക്രമിച്ചിട്ട് കുട്ടികളെ അടിക്കുന്നുവെന്ന് നിലവിളിക്കുന്നതിൽ അർത്ഥമില്ല, മുദ്രാവാക്യം വിളിക്കുന്നത് നീറ്റിന്റെ ഫുൾഫോം അറിയാത്തവർ’

മേജർ രവി
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് മേജർ രവി. സമരത്തിന് പിന്നിൽ വിദേശ ഫണ്ടിംഗ് ആണെന്നും സമരം ചെയ്യുന്നവരിൽ വലിയൊരു വിഭാഗം യഥാർത്ഥ വിദ്യാർത്ഥികളല്ലെന്നും മേജർ രവി പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം.
ഡൽഹിയിൽ നടക്കുന്ന നീറ്റ് പ്രക്ഷോഭത്തിൽ തുടക്കത്തിൽ വാർത്തകളും ദൃശ്യങ്ങളും കണ്ടപ്പോൾ ഏത് സാധാരണക്കാരനെയും പോലെ എനിക്കും വിഷമം തോന്നിയിരുന്നു. പാവം കുട്ടികളെ വെറുതെ തല്ലുകയാണോ എന്ന് തോന്നി. എന്നാൽ ആരാണ് ആ കുട്ടികളെന്ന് തിരഞ്ഞുപിടിച്ച് പഠിച്ചപ്പോഴാണ് കാര്യങ്ങളുടെ യഥാർത്ഥ വശം മനസിലാകുന്നത്.
മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പറഞ്ഞ് പരിസ്ഥിതി വിഷയങ്ങളിൽ നിഷ്പക്ഷമായി ഇടപെട്ട് തുടങ്ങിയ സോനം വാങ്ചുക്കിന് പിന്നീട് വിദേശങ്ങളിൽ നിന്ന് വലിയതോതിൽ ഫണ്ടുകൾ വരാൻ തുടങ്ങുകയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നതിനാൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം എന്നുപറഞ്ഞ് സമരം തുടങ്ങിയതിന്റെ പശ്ചാത്തലം അമേരിക്കയിൽ നിന്നാണ്. അവിടെ ഏതോ ഒരുത്തൻ സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ തുടങ്ങുകയും അത് ഏറ്റെടുത്ത് ഡൽഹിയിലേയ്ക്ക് വരികയായിരുന്നു. സ്വന്തം കപ്പാസിറ്റി പോലുമറിയാത്ത യുവാക്കളെ ഇളക്കിവിട്ടാണ് ഈ സമരം ഉണ്ടാക്കിയത്. നാട്ടിൽ പണിയൊന്നുമില്ലാത്ത ചില കലാകാരന്മാർ ടിവിയിൽ മുഖം കാണിക്കാനും ഷോ ഓഫിനും വേണ്ടി ഇതിന്റെ ഭാഗമാകുന്നുണ്ട്.
പൊലീസിനെ ആക്രമിച്ചതിനുശേഷം കുട്ടികളെ അടിക്കുന്നു എന്ന നിലവിളിക്കുന്നതിൽ അർത്ഥമില്ല. ഇതേ പരീക്ഷകൾക്കും തൊഴിലിനുംവേണ്ടി കേരളത്തിൽ എത്രയോപേർ സമരം ചെയ്തിട്ടുണ്ട്? അവർ ആരെങ്കിലും പൊലീസിനെ ആക്രമിക്കുകയോ വണ്ടി തകർക്കുകയോ ചെയ്തിട്ടുണ്ടോ? ഇതൊക്കെ എന്തുകൊണ്ട് ഡൽഹിയിൽ മാത്രം നടക്കുന്നുവെന്ന് ചിന്തിക്കണം. സിബിഎസ്സിയുടെയോ നീറ്റിന്റെയോ ഫുൾഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്.
ഇതിന് പിന്നിൽ ജോർജ് സോറോസിനെപ്പോലെയുള്ളവരുടെ വിദേശ ഫണ്ടിംഗും ഇന്ത്യക്കെതിരായുള്ള ഗൂഢാലോചനയുമാണ്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേൺ ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യ വേറൊരു തലത്തിലേയ്ക്ക് പോയിക്കഴിഞ്ഞു. സോറോസ് അല്ല, അവന്റെ അപ്പൂപ്പൻ വന്നാലും ശരി, ഇനി ഇന്ത്യയെ തൊടാൻ പറ്റില്ല. വിദേശ ശക്തികളുടെ കയ്യിൽ നിന്ന് പണം വാങ്ങി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന പണി അവസാനിപ്പിച്ച്, രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ദയവുചെയ്ത് പഠിക്കണം.


