NEWS

‘ഹിന്ദുക്കൾ ക്ഷമ കാണിക്കണം; രാജ്യവിരുദ്ധരുടെ ഗൂഢാലോചനയിൽ വീഴരുത്’: അയോധ്യ സംഭാവനത്തട്ടിപ്പിൽ ആർഎസ്എസ്


ന്യൂഡൽഹി∙ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് ആർഎസ്എസ്. ഹിന്ദു സമൂഹത്തിന്റെയും ലക്ഷക്കണക്കിന് രാമഭക്തരുടെയും വികാരത്തെ ആഴത്തിൽ മുറിവേൽപ്പിക്കുന്ന സംഭവമാണുണ്ടായതെന്നും ഇക്കാര്യത്തിൽ അതീവ ദുഃഖവും നിരാശയുമുണ്ടെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ സംഭവം മുതലെടുത്ത് ഹിന്ദു ധർമത്തെയും സമൂഹത്തെയും അവഹേളിക്കാനുള്ള ഹിന്ദുവിരുദ്ധരുടെയും രാജ്യവിരുദ്ധ ശക്തികളുടെയും ഗൂഢാലോചനയിൽ വീണുപോകാതെ ഹിന്ദുക്കൾ ക്ഷമ കാണിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.‘‘ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥനപ്രകാരം ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സംഘത്തിന്റെ നിർദേശപ്രകാരം നിയമ നടപടികളും ആരംഭിച്ചു. തട്ടിപ്പിൽ കുറ്റക്കാർ ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഹിന്ദു സമൂഹത്തിനൊപ്പമാണ് ആർഎസ്എസ്. അതുകൊണ്ടുതന്നെ അപലപനീയമായ ഈ സംഭവത്തെ പ്രത്യേക വിഷയമായി കണ്ടുകൊണ്ട് വേണ്ട നടപടികൾ സ്വീകരിക്കാനും ക്ഷേത്ര ഭരണത്തിലെയും നടത്തിപ്പിലെയും വീഴ്ചകൾ പരിഹരിക്കാനും ശ്രീരാമ ജന്മഭൂമി ട്രസ്റ്റിന് ബാധ്യതയുണ്ട്. അയോധ്യ ക്ഷേത്രത്തിന്മേലുള്ള രാമഭക്തരുടെ ഭക്തിയും വിശ്വാസവും അചഞ്ചലമായി തുടരാൻ ഇത്തരം നടപടികൾ അത്യാവശ്യമാണ്. ഇപ്പോൾ നിലനിൽക്കുന്ന ആശങ്കകളും അനിശ്ചിതത്വങ്ങളും ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്’’–ഹൊസബാളെ പ്രസ്താവനയിൽ പറയുന്നു.


Source link

Back to top button