NEWS
പുലർച്ചെ അഞ്ചു മണിയോടെ വീട്ടിൽ വെള്ളം കയറി; റാന്നിയും പരിസരവും മുങ്ങി ; നിരവധി കുടുംബങ്ങൾ കുടുങ്ങി

റാന്നി (പത്തനംതിട്ട) ∙ ആ നിമിഷങ്ങൾ ഓർക്കുമ്പോൾ ബിജി ഏബ്രഹാമിന്റെ കണ്ണിൽ ഇപ്പോഴും ഭീതി. ‘ഇടവിട്ട് മഴ പെയ്യുന്നുണ്ടായിരുന്നു. രാവിലെ അഞ്ചു മണിയോടെ വീട്ടിൽ വെള്ളം കയറുന്നതു പോലെ തോന്നി. ഉടൻ ചാടിയെഴുന്നേറ്റെങ്കിലും കാര്യമുണ്ടായില്ല. അപ്പോഴേക്കും വീട്ടിൽ വെള്ളം കയറി. റോഡും മുങ്ങി’– പുന്നംപറമ്പിൽ ബിജി പറഞ്ഞു. പിന്നീട് ഡിങ്കി ബോട്ടിലാണ് ബിജിയെയും കുടുംബത്തെയും പുറത്തെത്തിച്ചത്. ഇത് ബിജിയുടെ മാത്രം സ്ഥിതിയല്ല. റാന്നി ഇട്ടിയപ്പാറയിലും സമീപപ്രദേശങ്ങളിലും ഇന്നു രാവിലെ ഇതായിരുന്നു അവസ്ഥ. 2028 ലെ പ്രളയത്തെ ഓർമിപ്പിക്കുന്ന സാഹചര്യം. കണക്കുകൾ അനുസരിച്ച് 350 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ഈ മഴ മറ്റു സ്ഥലങ്ങളിൽ പെയ്തിരുന്നെങ്കിൽ വെള്ളപ്പൊക്കം ഇതിലും രൂക്ഷമായേനെയെന്ന് വിദഗ്ധർ പറയുന്നു.രണ്ടു മുതൽ രണ്ടര അടി വെള്ളക്കെട്ടിലാണ് റാന്നിയിപ്പോൾ. പല സ്ഥലങ്ങളിലും ആളുകൾ കുടുങ്ങി. ഇട്ടിയപ്പാറയിൽ നിരവധി കുടുംബങ്ങൾ കുടുങ്ങി. രക്ഷാപ്രവർത്തകർക്ക് അങ്ങോട്ട് എത്താൻ കഴിഞ്ഞിട്ടില്ല. ടൗണിലെ കടകളുടെ മുകളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ ഇടവിട്ടു മഴയുണ്ടായിരുന്നു. രാത്രിയോടെ മഴ കനത്തു. വനമേഖലയിൽ 300 മില്ലിമിറ്റർ മഴ പെയ്തതായി കണക്കുകളുണ്ട്. ഇതുവരെ ഒരു ഡിങ്കി ബോട്ടും ഒരു വള്ളവുമാണ് രക്ഷാ പ്രവർത്തനത്തിനുള്ളത്. കൂടുതൽ ഡിങ്കികളും കൊല്ലത്തുനിന്ന് വള്ളവും കൊണ്ടു വരാനുള്ള ശ്രമമുണ്ട്. ശബരിമലയിൽ നിറപുത്തരിക്കു വന്ന പൊലീസ്, ഫയർ ഫോഴ്സ് സംഘങ്ങളാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കുട്ടവഞ്ചി എത്തിക്കാനും ശ്രമം നടക്കുന്നു. പമ്പയാർ കര കവിഞ്ഞു.
Fashion ⏭️


