NEWS
കാൽനൂറ്റാണ്ട് സേവനം ചെയ്ത വീട്ടുജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ

ചോറ്റാനിക്കര ∙ കാൽ നൂറ്റാണ്ടിലേറെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജോലിക്കാരിക്കു വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ. ഓർത്തഡോക്സ് സഭാ വൈദികൻ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ. ജേക്കബാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾക്കപ്പുറം സ്നേഹത്തിന്റെയും മനുഷ്യബന്ധത്തിന്റെയും മാതൃക തീർത്തത്. ജോലിക്കാരിയായെത്തി കുടുംബാംഗമായി മാറിയ പാർവതിയുടെ (പായമ്മ-88) സംസ്കാരച്ചടങ്ങുകളാണ് അമ്പാടിമല ഓണശ്ശേരിൽ വീട്ടിൽ നടന്നത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യ മരിച്ചതോടെ 6 വയസ്സുകാരിയായ മകൾ മെറിനെ നോക്കാനാണ് 2000ൽ ഇരുമ്പനം സ്വദേശിയായ പാർവതി വീട്ടിലെത്തുന്നത്. അടുത്ത ബന്ധുക്കൾ ആരും ഇല്ലാതിരുന്ന പാർവതി വൈകാതെ കുടുംബത്തിലെ അംഗമായി മാറി. വീട്ടിലെ മുതിർന്ന അംഗത്തെപ്പോലെയാണു ഫാ. ജേക്കബും മകളും പായമ്മയെ കണ്ടത്. വീട്ടിലെ കാര്യങ്ങൾ കുടുംബനാഥയെപ്പോലെ നോക്കിനടത്തിയിരുന്നതു പായമ്മയായിരുന്നു. 9 വർഷം മുൻപു മെറിന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ അച്ചനും പായമ്മയും മാത്രമായി.
Fashion ⏭️


