NEWS

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് നാടുകളിലേക്കും ഇനി പൊന്നാനി തീരത്തുനിന്ന് കപ്പലുകൾ കുതിക്കും; തുറ‘മുഖം’ മാറും…


പൊന്നാനി ∙ ഒരു സ്വപ്നമെന്നോണം പൊന്നാനി തുറമുഖം ലോകത്തിലേക്കുള്ള വാതിൽ തുറക്കുകയാണ്. അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഗൾഫ് നാടുകളിലേക്കും ഇനി പൊന്നാനി തീരത്തുനിന്ന് കപ്പലുകൾ കുതിക്കും. ലോകത്തിന് അഭിമാനിക്കാവുന്ന അത്യാധുനിക കപ്പലുകൾ ഉണ്ടാക്കിനൽകുന്ന തീരപ്രദേശമായി പൊന്നാനി മാറും. കപ്പൽ നിർമാണ കേന്ദ്രം തുടങ്ങുന്നതിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിക്കഴിഞ്ഞു. പൂർണമായി പൊന്നാനിയിൽ നിർമിച്ച ആദ്യ യാനം 2027 ഡിസംബറിൽ പുറത്തിറങ്ങുമ്പോൾ കാലം വലിയൊരു വീണ്ടെടുപ്പിനാണു സാക്ഷ്യം വഹിക്കുക. അവഗണനയിൽ അടച്ചുപൂട്ടിയ പൊന്നാനി തുറമുഖം പതിൻമടങ്ങ് ഉൗർജത്തിൽ പുനർജനിക്കുന്ന അത്യപൂർവ നിമിഷത്തിലേക്കുള്ള സാക്ഷ്യം.തുറ‘മുഖം’ മാറും..  ആദ്യ ഘട്ടത്തിൽ തുറമുഖ പ്രവർത്തനങ്ങൾക്കായുള്ള സേവന കപ്പലുകൾ, കപ്പൽ ചാനലുകളിൽനിന്ന് വലിയ ചരക്കുകപ്പലുകൾ കെട്ടിവലിച്ചു കൊണ്ടുവരുന്ന ഇലക്ട്രിക് ടഗ് ബോട്ടുകൾ, പൈലറ്റ് ബോട്ടുകൾ, അത്യാധുനിക മത്സ്യബന്ധന ബോട്ടുകൾ, കടലോര സമുദ്രപദ്ധതികൾക്ക് സഹായകമാകുന്ന ഓഫ്ഷോർ സപ്പോർട്ട് കപ്പലുകൾ എന്നിവയാണു നിർമിക്കുക. യാനങ്ങൾ പുഴയിലേക്ക് ഇറക്കി നിർമിക്കുന്നതിനായി തുടക്കത്തിൽ തന്നെ 40 മീറ്റർ നീളത്തിലുള്ള സ്ലിപ് വേ (കപ്പലുകൾ വെള്ളത്തിലേക്ക് ഇറക്കുന്ന ചരിഞ്ഞ പാത) നിർമിക്കും. അഴിമുഖത്തെ പഴയ ജങ്കാർ ജെട്ടിക്കു സമീപത്തായിരിക്കും സ്ലിപ് വേ. കപ്പലുകളുടെ പ്രധാന നിർമാണം ഇൗ സ്ലിപ് വേയിൽ വച്ചായിരിക്കും. നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ കടൽമാർഗം കപ്പൽ ആവശ്യക്കാരിലേക്കെത്തിക്കും. ആദ്യഘട്ടത്തിൽ നിർമിക്കുന്ന രണ്ട് ഇലക്ട്രിക് ടഗ് ബോട്ടുകളും സിംഗപ്പൂരിലേക്കാണ് കൊണ്ടുപോവുക. ഒന്നാം ഘട്ടത്തിൽ യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങൾ, കിഴക്കു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങൾ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് പൊന്നാനിയിൽനിന്ന് യാനങ്ങൾ നിർമിച്ചുനൽകാൻ കഴിയും.മൂന്നാം ഘട്ടത്തിൽ അറ്റകുറ്റപ്പണിയും  കപ്പലുകളുടെ നിർമാണത്തിനു പുറമേ അത്യാധുനിക കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കായുള്ള സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ പ്രധാന ലക്ഷ്യം. കപ്പൽ നിർമാണ ശാലയോട് ചേർന്നായിരിക്കില്ല. ഇൗ സൗകര്യം കൂടി ഒരുങ്ങുന്നതോടെ സംസ്ഥാനത്തെ തുറമുഖ മേഖലയിൽ വലിയ ചലനങ്ങളുണ്ടാകും. സംസ്ഥാന സർക്കാരിന്റെ മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായിട്ടാണ് കപ്പൽ നിർമാണ ശാലയും അനുബന്ധ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്നത്. മിഷൻ സമുദ്രയുടെ ഭാഗമായി വരുന്ന കപ്പലുകൾക്ക് സ്ഥിരം പരിപാലനം ഇൗ പദ്ധതിയിലൂടെ ഉറപ്പാക്കും. ഓരോ 5 വർഷം കൂടുമ്പോഴും കപ്പലുകളുടെ റീ സർട്ടിഫിക്കേഷൻ നടപടികളും ഇൗ യാർഡിൽ സാധ്യമാക്കും. പുതിയ കപ്പൽ നിർമിക്കുന്നതിനെക്കാൾ വലിയ സാധ്യത അറ്റകുറ്റപ്പണികൾക്ക് നിർമാണക്കമ്പനി കാണുന്നുണ്ട്. വിവിധതരം കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, ആകെയുള്ള പരിപാലനം എന്നിവയ്ക്കാണു സൗകര്യമൊരുക്കുക. മറ്റൊരു കമ്പനി ആയിട്ടായിരുക്കും ഇതിന്റെ പ്രവർത്തനം.


Fashion ⏭️

Back to top button