NEWS
ശബരിമലയിൽ ട്രാൻസ്ജെൻഡർ വ്യക്തിക്ക് പൊലീസ് പ്രവേശനം നിഷേധിച്ചെന്ന് പരാതി; ഹൈക്കോടതിയിൽ ഹർജി

കൊച്ചി ∙ ശബരിമല ദർശനത്തിനെത്തിയപ്പോൾ ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന പേരിൽ പൊലീസ് തനിക്ക് പ്രവേശനം നിഷേധിച്ചെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി. തമിഴ്നാട് ചെങ്കൽപട്ട് സ്വദേശിയും അഭിഭാഷകയുമായ സത്യശ്രീ ശർമിള റെഹമത്തലിയാണ് പരാതി നൽകിയിരിക്കുന്നത്. 41 ദിവസത്തെ വ്രതം നോക്കി ഇരുമുടിക്കെട്ടുമായി ഓഗസ്റ്റ് 20 ഉച്ചയ്ക്ക് മൂന്നരയോടെ പമ്പയിലെത്തിയ തന്നോട്, ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് പൊലീസ് മലകയറാൻ അനുവദിക്കാതെ മടക്കി അയയ്ക്കുകയായിരുന്നുവെന്ന് സത്യശ്രീ പറയുന്നു. തിരുവോണ ദിവസമായ നാളെ ക്ഷേത്രത്തിൽ പ്രവേശിച്ച് വഴിപാടുകൾ നടത്തുന്നതിന് അനുമതി നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കോടതി ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിയിരുന്നു. വിഷയത്തില് സംസ്ഥാന സർക്കാരിനും ബന്ധപ്പെട്ട മറ്റു കക്ഷികൾക്കും നോട്ടീസ് അയയ്ക്കാനും കോടതി ഇന്നലെ നിർദേശിച്ചിരുന്നു. 2026 ജനുവരി 3നും ഏപ്രിൽ 15നും വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ താൻ ദർശനം നടത്തിയിട്ടുണ്ടെന്ന് സത്യശ്രീ പറയുന്നു. എന്നാൽ ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. പ്രവേശനത്തിന് തടസം നിൽക്കുന്നതിന്റെ ഔദ്യോഗിക ഉത്തരവുകളോ സർക്കുലറുകളോ കാണിച്ചുതരാൻ പൊലീസ് തയ്യാറായില്ല. ഇതു മൂലം കടുത്ത മാനസിക സങ്കടവും അപമാനവും നേരിടേണ്ടി വന്നുവെന്നും സത്യശ്രീ വ്യക്തമാക്കി. പമ്പ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നടപടിക്കെതിരെ പമ്പ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ല.
Fashion ⏭️


