NEWS
തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണം; പീഡനക്കേസിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി∙ തെഹൽക മാഗസിൻ മുൻ എഡിറ്റർ തരുൺ തേജ്പാലിനോട രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി ഉത്തരവ്. 2013 ലെ ഗോവ ലൈംഗിക പീഡനക്കേസിൽ തേജ്പാലിനെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും അദ്ദേഹത്തിന് 10 വർഷത്തെ കഠിനതടവു ശിക്ഷ വിധിക്കുകയും ചെയ്ത ബോംബെ ഹൈക്കോടതിയുടെ ഓഗസ്റ്റ് 6 ലെ വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.2013 നവംബറിൽ ഗോവയിൽ തെഹൽക മാഗസിൻ സംഘടിപ്പിച്ച ഒരു പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിനുള്ളിൽ വച്ച് ജൂനിയർ സഹപ്രവർത്തകയെ തേജ്പാൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2021 മേയ് മാസത്തിൽ ഗോവ സെഷൻസ് കോടതി തരുൺ തേജ്പാലിനെ കേസിലെ എല്ലാ കുറ്റങ്ങളിൽനിന്നു വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷനു പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ സംശയരഹിതമായി തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിചാരണക്കോടതിയുടെ നടപടി. എന്നാൽ വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് വിശദമായി പരിഗണിച്ച ഹൈക്കോടതി, ഓഗസ്റ്റ് 6 ന് വിചാരണക്കോടതി വിധി റദ്ദാക്കുകയും തേജ്പാൽ കുറ്റക്കാരനാണെന്നു കണ്ടെത്തി 10 വർഷത്തെ കഠിനതടവിനു ശിക്ഷിക്കുകയും ആയിരുന്നു.
Fashion ⏭️

