NEWS
ഇടതു നെഗറ്റിവിസം കേരളത്തെ ബാധിച്ചു; ഉദ്യോഗസ്ഥർക്കു പേടി; നയങ്ങൾ മാറ്റും: മന്ത്രി കുഞ്ഞാലിക്കുട്ടി

കൊച്ചി ∙ എല്ലാ പരിപ്പും കേരളത്തിൽ വേവില്ലെന്നും സർക്കാർ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കുമെന്നും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. പുതുതലമുറയ്ക്ക് പരിഗണന നൽകും. നയങ്ങൾ കാര്യമായി മാറ്റും. ഉദ്യോഗസ്ഥർക്ക് പലതിനെയും പേടിയാണ്. ഇടതുപക്ഷത്തിന്റെ പേരിലുള്ള നെഗറ്റീവിസം കേരള വികസനത്തെ ബാധിച്ചു. അല്ലെങ്കിൽ കേരളം ഏറെ മുന്നോട്ടു പോകേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ ‘കേരളം വളരാനുള്ള വഴികൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫ്, കെസിഎ സിഇഒ മിനു ചിദംബരം, ചോയ്സ് ഗ്രൂപ്പ് സിഎംഡി ജോസ് തോമസ് എന്നിവരും സംവാദത്തിൽ പങ്കെടുത്തു. കേരളം കൊള്ളാവുന്ന സ്ഥലമാണെന്ന് ലോകം മുഴുവൻ അറിയാമെന്നും പക്ഷേ കൊള്ളാവുന്ന കാര്യങ്ങൾ ഉണ്ടാകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം അടക്കം വന്നതോടെ അവസരങ്ങൾ കൂടും. ലോകത്ത് എല്ലായിടത്തും കാര്യങ്ങൾ ശുഭമല്ല എന്നോർക്കണം. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. കേരളത്തെ സംബന്ധിച്ച് ആ പ്രശ്നമില്ല. മലയാളികൾ എല്ലാ കാലത്തും അവസരം മുതലാക്കിയിട്ടുണ്ട്. മുൻപുള്ള സാഹചര്യം അനുസരിച്ചാണ് മലയാളി വിദേശത്തേക്കു കുടിയേറിയത്. അവിടെ നേട്ടങ്ങളുണ്ടാക്കി. മുൻപ് വ്യവസായ രംഗത്ത് പരിഷ്കാരം കൊണ്ടുവരാൻ ഞാൻ നോക്കിയപ്പോൾ എതിർപ്പുണ്ടായി. ഇനി എല്ലാ പരിപ്പും ഇവിടെ വേവില്ല. സർക്കാർ പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കും. പുതുതലമുറയ്ക്ക് പരിഗണന നൽകും. നയങ്ങൾ കാര്യമായി മാറ്റും. എല്ലാം നെഗറ്റീവായി കാണേണ്ടതില്ല. കേരളത്തിൽനിന്ന് വളർന്ന് വലുതായ സ്വകാര്യ കമ്പനികളുണ്ട്. പദ്ധതികൾ നടപ്പിലാക്കാൻ ഉദ്യോഗസ്ഥർക്ക് പലതിനെയും പേടിയാണ്. അതിനെയെല്ലാം തരണം ചെയ്യാൻ കഴിയണം. സമൂഹം മാറി. പഴയതുപോലെ സ്വകാര്യ സർവകലാശാല വരുന്നതിനെ ആർക്കും തടയാനാകില്ല. ജീവിതത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണം വർധിച്ചാൽ കേരളം ആകർഷണീയമാകുന്ന് കെസിഎ സിഇഒ മിനു ചിദംബരം പറഞ്ഞു. കായിക മേഖലയിൽ നിരവധി അവസങ്ങളുണ്ട്. കായിക താരമെന്നതിനു പുറമേ പിന്നണിയില്‍ പ്രവർത്തിക്കാൻ കഴിയുന്ന നിരവധി ജോലികളുണ്ട്. അതിനെക്കുറിച്ച് പലരും ബോധവാൻമാരല്ല .യുവജനങ്ങൾക്കിടയിൽ അവസരങ്ങളെക്കുറിച്ച് കൃത്യമായ ബോധവൽക്കരണം നടത്തണം– – മിനു ചിദംബരം പറഞ്ഞു.
Fashion ⏭️


