NEWS

‘മംഗളൂരുവിനെ മൈസൂരു ഡിവിഷനോട് ചേർത്തത് ദീർഘനാളത്തെ ആവശ്യം’; ഇടപെട്ടെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി


കോട്ടയം∙ പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു റെയിൽപാതയെ സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിലുള്ള മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിനു പിന്നിൽ കർണാടകയിലെ ബിജെപി നേതാക്കളുടെ സമ്മർദമെന്ന് വിവരം. ദീർഘനാളായുള്ള സമ്മർദത്തെത്തുടർന്നാണ് തീരുമാനമെന്ന് കർണാടകക്കാരനായ റെയിൽവേ സഹമന്ത്രി വി.സോമണ്ണ പ്രസ്താവനയിറക്കി. ചരിത്രപരമായ തീരുമാനമാണ് റെയിൽവേ സ്വീകരിച്ചതെന്നാണ് സോമണ്ണ പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവന എക്സിലും പങ്കുവച്ചിട്ടുണ്ട്.‘നേരത്തെ മൂന്ന് ഡിവിഷനുകളിലായി വിഭജിച്ചു കിടന്നിരുന്ന മംഗളൂരു റെയിൽ മേഖല ഇനി മുതൽ ഈ മേഖലയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാകുകയാണ്. ഇതിന്റെ ഡിവിഷണൽ ഹെഡ് ഓഫിസ് മൈസൂരുവിലും സോണൽ ഹെഡ് ഓഫിസ് ഹുബ്ബള്ളിയിലുമാണ്. കർണാടകയുടെ സാമ്പത്തിക വികസനത്തിന്റെ പ്രധാന പങ്കുവഹിക്കുന്ന മംഗളൂരു റെയിൽ മേഖലയ്ക്ക് ഇത് കൂടുതൽ ശക്തി പകരും. ഭരണപരമായ തീരുമാനങ്ങൾ കൂടുതൽ വേഗത്തിലാകും.’–സോമണ്ണ പ്രസ്താവനയിൽ പറയുന്നു.അതേസമയം, കേരളത്തിൽ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണുയരുന്നത്. ഡിവിഷൻ വിഭജിച്ചതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വടക്കൻ അതിർത്തിയിൽ നിന്നു പുതിയ ട്രെയിനുകൾ ലഭിക്കാൻ ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ അതിജീവിക്കേണ്ടി വരും. പാലക്കാട് വിഭജിച്ചു കർണാടകയിലെ കലബു‍റഗി ആസ്ഥാനമാക്കി പുതിയ ഡിവിഷൻ രൂപീകരിക്കാൻ നേരത്തേ നീക്കമുണ്ടായിരുന്നു. മുൻപു പാലക്കാട് വിഭജിച്ചാണു സേലം ഡിവിഷൻ രൂപീകരിച്ചത്. അന്നുണ്ടായതിനെക്കാൾ വലിയ നഷ്ടമാകും ഇപ്പോഴത്തെ വിഭജനം വഴി സംഭവിക്കുകയെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. പാലക്കാടിനു ലഭിച്ച കഞ്ചിക്കോട് കോച്ച് ഫാക്ടറി നഷ്ടപ്പെട്ടതിനു പിന്നാലെയാണു കേരളത്തിനു റെയിൽവേയിൽനിന്ന് അടുത്ത തിരിച്ചടി ഉണ്ടായിരിക്കുന്നത്.


Fashion ⏭️

Back to top button