രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ ജാഗരണിന് തുടക്കം

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പെരുമ്പാവൂരിലെ ഓപ്പറേഷൻ തൂഫാൻ ജാഗരൺ റാലിക്കിടെ/photo credit: kerala police
എറണാകുളം: ഇതരസംസ്ഥാനക്കാരുടെ കേന്ദ്രമായ പെരുമ്പാവൂരിനെ ലഹരി മുക്താമാക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി തൂഫാൻ ജാഗരൺ റാലി ഉദ്ഘാടനം ചെയ്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചിട്ട് ഒരുമാസം തികയുന്ന ഇന്നുതന്നെയാണ് പുതിയ ക്യാമ്പയിന് തുടക്കമാകുന്നത്. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും ലഹരി ഉപയോഗം വർദ്ധിക്കുകയാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് പ്രദേശത്ത് പ്രത്യേക പരിപാടിക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്. ബെന്നി ബെഹനാൻ എംപി, സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖർ, നോർത്ത് മേഖല ഐജി പുട്ട വിമലാദിത്യ എന്നിവരും റാലിയുടെ ഭാഗമായി.
സിന്തറ്റിക് ലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗം അതിഥി തൊഴിലാളികൾക്കിടയിൽ പതിവാകുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ നീക്കം. മഴ തടസം സൃഷ്ടിച്ചിട്ടും നാട്ടുകാരും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ വൻജനാവലിയാണ് റാലിയിൽ പങ്കെടുത്തത്. മന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷമാണ് തൂഫാൻ ജാഗരൺ റാലി ആരംഭിച്ചത്. റാലിക്കുശേഷം പെരുമ്പാവൂരിലെ അതിഥി തൊഴിലാളുകളുമായി രമേശ് ചെന്നിത്തല നേരിട്ട് സംസാരിക്കും.
മലയാളികളും അന്യഭാഷാ തൊഴിലാളികളും ചേർന്ന് പ്രദേശത്ത് ലഹരി ഉപയോഗം നടത്തുന്നുണ്ടെന്നും അക്രമ സംഭവങ്ങൾ പതിവാണെന്നുമുള്ള നാട്ടുകാരുടെ പരാതി ഉയരുന്ന സാഹചര്യത്തിലാണ് തൂഫാൻ ജാഗരൺ റാലിക്ക് ആഭ്യന്തര മന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു മാസത്തിനിടെ സംസ്ഥാനത്തുനിന്ന് ഏകദേശം 30 കോടിയുടെ നിരോധിത ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതുവരെ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേർ അറസ്റ്റിലാകുകയും ചെയ്തു. 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിംഗുകളുമാണ് പൊലീസ് ഇതുവരെ സംഘടിപ്പിച്ചത്.
RELATED TOPICS: RAMESH CHENNITHALA, TOOFAN JAGARAN RALLY, ATHITHI THOZHILALIKAL, KERALA ANTI DRUG CAMPAIGN
Source link
NEWS


