NEWS

നൈജീരിയയിൽ സൈനിക വിമാനം തകർന്നു വീണ് 32 പേർ കൊല്ലപ്പെട്ടു; അട്ടിമറി സംശയം, ഉന്നതതല അന്വേഷണം


അബുജ ∙ തെക്കൻ നൈജീരിയയിൽ 25 യാത്രക്കാരും ഏഴ് ജീവനക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകർന്നു വീണു. വിമാനത്തിലുണ്ടായിരുന്ന 32 പേരും അപകടത്തിൽ മരണപ്പെട്ടതായി നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു സ്ഥിരീകരിച്ചു. നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിലേക്കുള്ള പതിവ് ദൗത്യത്തിന്റെ ഭാഗമായി സഞ്ചരിക്കുകയായിരുന്ന വിമാനമാണ് ഒണ്ടോ സംസ്ഥാനത്തെ ഇഗ്ബോക്കോഡ മേഖലയിൽ തകർന്നുവീണതെന്ന് വ്യോമയാന മന്ത്രി ഫെസ്റ്റസ് കേയാമോ പ്രസ്താവനയിലൂടെ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. എദോ സംസ്ഥാനത്ത് നിന്ന് ലാഗോസിലേക്കുള്ള യാത്രാമധ്യേ പകുതി ദൂരം പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഒരു നാവികസേനാ താവളത്തിനു സമീപത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തിൽപ്പെട്ടത് എടിആർ 42 വിമാനമാണെന്ന് നൈജീരിയൻ വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുപിന്നാലെ പ്രദേശത്ത് അടിയന്തര തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യത്തെ നിയോഗിച്ചിരുന്നു. 


Fashion ⏭️

Back to top button