NEWS
ഇനിയും തീരാതെ ദേശീയപാത നിർമാണം: റോഡിൽ മത്സ്യക്കച്ചവടവും അനധികൃത പാർക്കിങും; നല്ല റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നു

കൊല്ലം ∙ ദേശീയപാത 66ന്റെ പൂർത്തീകരണമാണു ജില്ല കാണുന്ന പ്രധാന സ്വപ്നം. എന്നാൽ, നല്ല റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നെന്ന ആശങ്കയാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്. പ്രധാന റോഡിലെ അനധികൃത പാർക്കിങ് ഉൾപ്പെടെ ഒട്ടേറെ കാരണങ്ങളാണ് അപകടസാധ്യതയായി പറയുന്നത്. അനധികൃത പാർക്കിങ്ങിന് പുറമേ, അനധികൃത കച്ചവടം, പാർക്ക് ചെയ്ത വാഹനങ്ങളിലെ ചരക്ക് നീക്കം, നിർമാണം നടക്കുന്ന മേഖലയിലെ വെളിച്ചക്കുറവ് ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളും ദേശീയപാതയിലൂടെ കടന്നു പോകുന്നവർ നേരിടുന്നുണ്ട്.ഇത്തിക്കരയിൽ റോഡ് തകർച്ച, ഗതാഗതക്കുരുക്ക് ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇത്തിക്കരയിൽ റോഡിന്റെ തകർച്ചയും ഗതാഗതക്കുരുക്കും യാത്രക്കാർക്ക് പരീക്ഷണമായി മാറുന്നു. തിരക്കേറിയ സമയങ്ങളിൽ ഏറെനേരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതും അപകടങ്ങളും പതിവാണ്. ഇത്തിക്കര വളവ് മുതൽ പള്ളിക്ക് സമീപം വരെയുള്ള ഭാഗങ്ങളിൽ റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡിന്റെ ശോച്യാവസ്ഥ കാരണം ചെറുതും വലുതുമായ അപകടങ്ങൾ നിരന്തരമുണ്ടാകുന്നു. കുഴികളിൽ വീണ് വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്. ഇത്തിക്കര പാലത്തിലൂടെ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ സൗകര്യമില്ല. ജീവൻ പണയം വച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെ നടന്നു പോകുന്നത്. ചില ദിവസങ്ങളിൽ മൈലക്കാട് മുതൽ തിരുമുക്ക് വരെ ഗതാഗതക്കുരുക്ക് നീളും. ആംബുലൻസുകൾക്കു പോലും പോകാൻ കഴിയാതാവും. റോഡ് താൽക്കാലികമായെങ്കിലും സഞ്ചാര യോഗ്യമാക്കുന്നതിൽ കരാർ കമ്പനി കടുത്ത അനാസ്ഥയാണ് പുലർത്തുന്നത്. ഇത്തിക്കരയിലെ അടിപ്പാത നിർമാണം അശാസ്ത്രീയമാണെന്നും നിർമാണം പൂർത്തിയാകുമ്പോൾ കൂടുതൽ യാത്രാപ്രശ്നങ്ങളുണ്ടാകുമെന്നും പ്രദേശവാസികൾ പറയുന്നു. ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും അടിയന്തരമായി ഇടപെട്ട് തകർന്ന റോഡുകൾ പുനരുദ്ധരിച്ച് അപകട ഭീഷണിയും ഗതാഗതക്കുരുക്കും ഒഴിവാക്കണം.കുരുതിക്കളമായി കുണ്ടറ – കൊട്ടിയം റോഡ് കുണ്ടറയിൽ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ സംഭവിക്കുന്ന പ്രധാന റോഡാണ് ആശുപത്രിമുക്ക് – കൊട്ടിയം റോഡ്. പെരുമ്പുഴ ജംക്ഷൻ മുതൽ കുരീപ്പള്ളി വരെയുള്ള ഭാഗത്താണ് അപകടങ്ങൾ കൂടുതലും. ഈ വർഷം ഇതുവരെ 4 യുവാക്കളാണ് മരിച്ചത്.
Fashion ⏭️


