NEWS

‘മെഡിക്കല്‍ കോളേജില്‍ ഇനി രോഗികള്‍ നിലത്ത് കിടക്കരുത്’, പകരം സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്

ഫയല്‍ ഫോട്ടോ

തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കാനും രോഗികളെ തറയില്‍ കിടത്തുന്നത് ഒഴിവാക്കാനുമായി പുലയനാര്‍ക്കോട്ട ആശുപത്രിയില്‍ മെഡിസിന്‍ ഒ.പി തുറന്നു. ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഒ.പിയുടെ തുടര്‍ച്ചയായാണ് ഏഴാമത് യൂണിറ്റ് പുലയനാര്‍കോട്ട ആരംഭിച്ചത്. രോഗികളെ തറയില്‍ കിടത്തില്ലെന്നും കിടക്ക രോഗിയുടെ അവകാശമാണെന്നുമുള്ള ഈ സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമാണിതെന്ന് മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസിന്‍ ഒ.പിയ്ക്ക് കീഴില്‍ അഡ്മിറ്റായിട്ടുള്ളതും ഗുരുതരമല്ലാത്തതുമായ രോഗികളെ ഇവിടേക്ക് മാറ്റും.

മരുന്ന് നല്‍കി നിരീക്ഷണം ആവശ്യമുള്ളതും വീട്ടിലേക്ക് അയക്കാന്‍ കഴിയാത്തതുമായ ഇത്തരം രോഗികള്‍ക്ക് ആവശ്യമായ പരിചരണം ഇവിടെ നല്‍കും. 200കിടക്കകളാണ് മെഡിസിന്‍ ഏഴാം യൂണിറ്റിന് കീഴില്‍ സജ്ജമാക്കുന്നത്. ആദ്യഘട്ടമായി 100കിടക്കകള്‍ ഒരുക്കി. പുലയനാര്‍കോട്ട ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലാത്ത വിധം ഉപയോഗിക്കാതെ കിടന്ന സ്ഥലമാണ് രോഗികള്‍ക്കായി പ്രയോജനപ്പെടുത്തുന്നത്.

മെഡിസിന്‍ വിഭാഗത്തില്‍ ചികിത്സതേടണ്ട രോഗികള്‍ക്ക് നേരിട്ടും ഇവിടേക്ക് എത്താം. മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളെ മാറ്റാന്‍ രണ്ട് ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് ആളുകള്‍ക്ക് പുലയനാര്‍കോട്ടയിലേക്ക് എത്താന്‍ ബസ് സൗകര്യമൊരുക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികള്‍ക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടര്‍മാരുടെ സേവനം ക്രമപ്പെടുത്തതിനുള്ള നടപടികള്‍ സ്വീകരിക്കും. കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും കൂടാതെ ഒഴിഞ്ഞ വാര്‍ഡുകള്‍ ഉണ്ടെങ്കില്‍ അവിടെയും മെഡിക്കല്‍ കോളേജുകളില്‍ അഡ്മിറ്റാക്കുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥലപരിമിതി സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും അതിനനുസരിച്ച് രോഗികള്‍ക്ക് ആവശ്യമായ കിടക്കകള്‍ സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കെട്ടിടങ്ങള്‍ അടച്ചിടുന്നത് ഒഴിവാക്കുമെന്നും മന്ത്രി കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വി.മുരളീധരന്‍ എം.എല്‍.എ, ആക്കുളം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.മിനി.പി.എസ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.കെ.വി.വിശ്വനാഥന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.വി.മീനാക്ഷി, ഡി.എം.ഒ ഡോ.ബിന്ദു മോഹന്‍, ഡി.പി.എം ഡോ.അര്‍ണോള്‍ഡ് ദീപക്, പുലയനാര്‍കോട്ട ആശുപത്രി സൂപ്രണ്ട് ഷബ്‌ന, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ജയചന്ദ്രന്‍, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.ജേക്കബ് ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

Read News ⏭️

Back to top button