സിപിഎമ്മിൽ പിണറായി യുഗം അവസാനിക്കുന്നു? സർവശക്തരായി പുതുഗ്രൂപ്പ്, അനുഗ്രഹാശിസുകളുമായി മുതിർന്ന നേതാക്കൾ

പിണറായി വിജയനും എം വി ഗോവിന്ദനും
തിരുവനന്തപുരം: സിപിഎമ്മിൽ പിണറായി വിജയന്റെ അപ്രമാദിത്വം അവസാനിക്കുകയാണോ? നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പിണറായിക്കും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും എതിരെ പുതുഗ്രൂപ്പ് രൂപപ്പെട്ടു എന്നാണ് റിപ്പോർട്ട്. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയുടെ അനുഗ്രഹാശിസുകൾ ഈ ഗ്രൂപ്പിനുണ്ടെന്നാണ് അറിയുന്നത്. പിണറായിയെയും ഗോവിന്ദന്റെയും നിലപാടുകളെയും പ്രവർത്തന രീതികളെയും അതിശക്തമായി വിമർശിച്ചും ചോദ്യംചെയ്തുമാണ് പുതുചേരി രൂപപ്പെടുന്നത്. നിയമസഭയ്ക്കുള്ളിൽപ്പോലും പിണറായിയെ തിരുത്തുന്ന തലത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പാർട്ടിക്കുള്ളിൽ കടുത്ത ആഭ്യന്തര ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും അത് മറനീക്കി ഇതുവരെ പുറത്തുവന്നിട്ടില്ല.
പി രാജീവ്, എം സ്വരാജ്, കെ എൻ ബാലഗോപാൽ തുടങ്ങിയ നേതാക്കളാണ് പുതുചേരിയുടെ മുന്നിലുള്ളതെന്നാണ് അറിയുന്നത്. കണ്ണൂരിലെയും മറ്റും ഒരുപറ്റം മുതിർന്ന നേതാക്കളുടെ ആശീർവാദവും ഇവർക്കുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ കണ്ണൂരിലും മറ്റും ചില നേതാക്കൾ അനാവശ്യ പിടിവാശി കാണിച്ചുവെന്ന് അണികൾക്കിടയിൽത്തന്നെ പരാതിയുണ്ട്. അതിന് തെളിവാണ് ശക്തികേന്ദ്രങ്ങളിലെ തോൽവികളും ഭൂരിപക്ഷത്തിലെ കുറവും എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ധർമ്മടത്ത് പിണറായി വിജയൻ തന്നെ ഒരുവേള തോൽക്കുമെന്ന ഘട്ടത്തിലെത്തിയത് ഇതിനുതെളിവാണെന്നും അവർ പറയുന്നു. പാർട്ടിക്ക് തങ്ങൾ എതിരല്ലെന്നും പാർട്ടിയെ ചിലരുടെ തൊഴുത്തിൽമാത്രം കെട്ടാനുള്ള നീക്കത്തെയാണ് തങ്ങൾ എതിർക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്ന അവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽപ്പോലും താൻ എല്ലാത്തിനും അതീതതാണെന്ന പിണറായിയുടെ അഹങ്കാരം നിറഞ്ഞ പെരുമാറ്റവും തോൽവിക്ക് കാരണമായെന്നും വ്യക്തമാക്കുന്നു.
തോൽവിക്ക് തൊട്ടുപിന്നാലെ താഴെതട്ടുമുതൽ പാർട്ടി അംഗങ്ങൾക്ക് പറയാനുള്ളത് കേൾക്കുമെന്നും അതിന് പരിഹാരം കാണുമെന്നും പാർട്ടി സെക്രട്ടറി പറഞ്ഞുവെങ്കിലും അത് നടപ്പായില്ല. തങ്ങൾക്ക് പറയാനുള്ളത് എല്ലാം തുറന്നുപറഞ്ഞു. പക്ഷേ, കേൾക്കേണ്ടവരും തിരുത്തേണ്ടവരും അതുരണ്ടും ചെയ്തില്ല എന്നാണ് പാർട്ടി അംഗങ്ങൾ തന്നെപറയുന്നത്. വ്യക്തിപരമായ വീഴ്ചകളല്ല പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളാണ് തോൽവിക്ക് കാരണമെന്ന് പിണറായിയുടെയും എംവി ഗോവിന്ദന്റെയും വിശദീകരണം തന്നെ ഇതിന് തെളിവാണെന്നും അവർ പറയുന്നു. ഇരുവരുടെയും നിലപാടുകളെ അംഗീകരിച്ച് മുന്നോട്ടുപോയാൽ അത് പാർട്ടിയുടെ അന്ത്യത്തിലേക്ക് നയിച്ചേക്കുമെന്നും അണികൾക്ക് ആശങ്കയുണ്ട്.
പാർട്ടിയിലെ ഒറ്റുപറ്റം നേതാക്കളുടെ ആശീർവാദവും അണികളുടെ വ്യക്തമായ പിന്തുണയും പുതുചേരിക്കുണ്ട്. അതിനാൽത്തന്നെ അധികം വൈകാതെതന്നെ പാർട്ടിയുടെ അധികാരകേന്ദ്രങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പാണ്. വിഎസിനുശേഷം പാർട്ടിക്കുള്ളിൽ നിലപാടുകളെ ചോദ്യംചെയ്താൻ ശക്തനായ ഒരാൾ ഇല്ലാത്തതാണ് ഇപ്പോഴത്തെ അപചയത്തിന് കാരണമായി ഒട്ടുമിക്കവരും ചൂണ്ടിക്കാണിക്കുന്നത്.
RELATED TOPICS: CPM KERALA, PINARAYI VIJAYAN, CPM LEADERSHIP, CPM NEW GROUP, PINARAYI YUGAM MALAYALAM
Source link
NEWS
Read News
Read News✅


