NEWS
‘പ്രതീക്ഷിച്ചത് 640 മാർക്ക്, കിട്ടിയത് 38, മെയിലിന് മറുപടിയില്ല’; നീറ്റ് പുനഃപരീക്ഷ ഫലത്തിലും വിവാദം, പരാതിയുമായി വിദ്യാർഥികള്‍

ന്യൂഡൽഹി∙ നീറ്റ് പുനഃപരീക്ഷയുടെ ഫലപ്രഖ്യാപനത്തിനു പിന്നാലെ വൻ വിവാദം. തങ്ങൾ സ്വയം വിലയിരുത്തിയ മാർക്കും നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ച ഔദ്യോഗിക ഫലവും തമ്മിൽ വൻ വ്യത്യാസമുണ്ടെന്ന് ആരോപിച്ച് നിരവധി വിദ്യാർഥികളാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. പരാതികൾ പരിശോധിച്ചുവരികയാണെന്നും വ്യാജമോ എഐ ഉപയോഗിച്ച് നിർമിച്ചതോ ആയ ഒഎംആർ ഷീറ്റുകൾ സമർപ്പിച്ചു പരാതി നൽകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി.ഔദ്യോഗിക ആൻസർ കീ പ്രകാരം കണക്കുകൂട്ടിയ മാർക്കും ഫൈനൽ റിപ്പാർട്ട് കാർഡിലെ മാർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നു വിദ്യാർഥികൾ തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കുന്നു. ‘‘ആൻസർ കീ പ്രകാരം എനിക്ക് 609 മാർക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാൽ പോർട്ടലിൽ ആദ്യം 540 മാർക്ക് കാണിച്ചു. തൊട്ടുപിന്നാലെ അത് 167 ആയി കുറഞ്ഞു. ഇത്രയും കഠിനാധ്വാനം ചെയ്തിട്ടും ഇതെങ്ങനെ സംഭവിക്കും’’ – കാൻപുരിൽനിന്നുള്ള ആര്യ സിങ് ചോദിക്കുന്നു.
Fashion ⏭️


