NEWS
എംഎൽഎയുടെ കാറിടിച്ച് യുവാവിനു പരുക്ക്; മദ്യപിച്ചു വാഹനമോടിച്ചെന്നു ഡിവൈഎഫ്ഐ നേതാവ്

ആലപ്പുഴ ∙ റെജി ചെറിയാൻ എംഎൽഎയുടെ കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു പരുക്കേറ്റ സംഭവത്തിൽ എംഎൽഎ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമുണ്ടാക്കിയതെന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ സമൂഹമാധ്യമ കുറിപ്പ്. ഇതു വാസ്തവമല്ലെന്ന വിമർശനം ഉയർന്നപ്പോൾ കുറിപ്പ് പിൻവലിച്ചെങ്കിലും പിന്നീടു വീണ്ടും പ്രത്യക്ഷപ്പെട്ടു. വാഹനമോടിച്ചത് എംഎൽഎയുടെ ഡ്രൈവർ അജിത്കുമാർ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.ചമ്പക്കുളം മൂലം വള്ളംകളി കഴിഞ്ഞു റെജി ചെറിയാൻ പോകുന്നതിനിടെ തിങ്കളാഴ്ച രാത്രി മങ്കൊമ്പ്–ചമ്പക്കുളം റോഡിലാണ് അപകടമുണ്ടായത്. എംഎൽഎക്കു വൈദ്യപരിശോധന നടത്തണമെന്നും ഇതിനു പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. വിവാദമായപ്പോൾ, എഴുതിയ ആൾക്കു മാത്രം കാണാവുന്ന വിധത്തിൽ (ഒൺലി മീ) ആക്കി. മാധ്യമപ്രവർത്തകർ അന്വേഷിച്ചപ്പോൾ കുറിപ്പ് വീണ്ടും ‘പബ്ലിക്’ ആക്കി, പിന്നെ ‘ഫ്രണ്ട്സ് ഒൺലി’ ആയി. ഒടുവിൽ ‘ഒൺലി മീ’ തന്നെ ആക്കി.
Source link


