മെഡിക്കൽ പ്രവേശനം:20വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

കൊച്ചി: 2026-27 അദ്ധ്യയന വർഷത്തെ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ (എൻ.ആർ.ഐ ഒഴികെയുള്ള സീറ്റുകളിലേക്ക്) ആരംഭിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും നീറ്റ് യു.ജി പ്രവേശനത്തിന് യോഗ്യരുമായ വിദ്യാർത്ഥികൾക്ക് 20ന് ഉച്ചയ്ക്ക് 12 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: www.cee.kerala.gov.in. എൻ.ആർ.ഐ ക്വാട്ടയിലേയ്ക്കുള്ള അലോട്ട്മെന്റ് രണ്ടാംഘട്ടം മുതൽ ആരംഭിക്കും. ഓപ്ഷൻ അടിസ്ഥാനമാക്കി 21ന് താത്കാലിക അലോട്ട്മെന്റ് ലിസ്റ്റും 22ന് അന്തിമ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും. 23 മുതൽ 28ന് വൈകിട്ട് 4 വരെ (26 ഒഴികെ) അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഫീസടച്ച് പ്രവേശനം നേടാം.
ഫീസ് ഘടന
* സർക്കാർ മെഡിക്കൽ കോളേജുകൾ (എം.ബി.ബി.എസ്): 23150 രൂപ
* സർക്കാർ ദന്തൽ കോളേജുകൾ (ബി.ഡി.എസ്): 20840 രൂപ
ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ്
ഓപ്ഷൻ രജിസ്ട്രേഷൻ ഫീസായി പ്രവേശന പരീക്ഷാ കമ്മിഷണർക്ക് 5,000 രൂപ അടയ്ക്കണം. ഗവണമെന്റ് മെഡിക്കൽ / ഡെന്റൽ കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസിൽ ഈ തുക വകയിരുത്തും. സ്വാശ്രയ മെഡിക്കൽ / ഡെന്റൽ കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് നടപടികൾ പൂർത്തിയായ ശേഷം തുക തിരികെ നൽകും. എസ്.സി./എസ്.ടി/ഒ.ഇ.സി (ശ്രീചിത്രാഹോം, ജുവനൈൽ ഹോം, നിർഭയ ഹോം) 500 രൂപ അടച്ചാൽ മതി. അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകും.
പ്രത്യേകം ശ്രദ്ധിക്കാൻ
* അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഈ ഘട്ടത്തിൽതന്നെ ആവശ്യമായ കോളേജുകൾ ഓപ്ഷനിൽ ഉൾപ്പെടുത്തണം. പുതുതായി കോളേജുകൾ ഉൾപ്പെടുത്താത്ത പക്ഷം തുടർന്നുള്ള കേന്ദ്രീകൃത അലോട്ട്മെന്റിൽ ഓപ്ഷൻ നൽകാൻ അനുവദിക്കില്ല.
* നിശ്ചിത തീയതിക്കുള്ളിൽ പ്രവേശനം നേടിയില്ലെങ്കിൽ ലഭിച്ച അലോട്ട്മെന്റ് റദ്ദാകും. ഈ വിദ്യാർത്ഥികളെ തുടർന്നുളള അലോട്ട്മെന്റുകളിൽ പങ്കെടുപ്പിക്കുന്നതല്ല.
* സ്വാശ്രയ മെഡിക്കൽ, ദന്തൽ കോളേജുകളിലെ 2026-27 വർഷത്തെ ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഇവിടെ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 2025-26 വർഷം നിശ്ചയിക്കപ്പെട്ട ഫീസ് താത്കാലികമായി അടയ്ക്കണം. അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി/സർക്കാർ/കോടതി ഉത്തരവു മുഖേന നിശ്ചയിക്കുന്ന ഫീസ് നിലവിലെ ഫീസിനെക്കാൾ കൂടുതലാണെങ്കിൽ അധിക ഫീസ് പിന്നീട് അടയ്ക്കണം.
* വിവിധ കാരണങ്ങളാൽ റാങ്ക് ലിസ്റ്റിൽ ഫലം തടഞ്ഞുവച്ചിട്ടൂള്ള വിദ്യാർത്ഥികൾക്കും ഓപ്ഷനുകൾ സമർപ്പിക്കാം. എന്നാൽ ഈ വിദ്യാർത്ഥികൾ 19ന് വൈകിട്ട് 3ന് മുമ്പ് ഫലം പ്രസിദ്ധപ്പെടുത്താനാവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തിരിക്കണം.
സീറ്റ് സംവരണം
* കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീറ്റുകളുടെ സംവരണക്രമം: ഇ.എസ്.ഐ കോർപ്പറേഷനിൽ ഇൻഷ്വർ ചെയ്തിട്ടുള്ള അംഗങ്ങളുടെ മക്കൾക്ക്-35%, അഖിലേന്ത്യാ ക്വാട്ട-15%, പ്രവേശന പരിക്ഷാ കമ്മിഷണർ മുഖേന അലോട്ട്മെന്റ് നടത്തുന്ന സംസ്ഥാന ക്വാട്ട -50%.
* എസ്.സി/എസ്.ടി/ സർക്കാർ ഉത്തരവ് പ്രകാരം പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ സീറ്റുകളുടെ സംവരണക്രമം: പട്ടികജാതി-70%, പട്ടികവർഗം-2%, പൊതു മെരിറ്റ് 13%, അഖിലേന്ത്യാ ക്വാട്ട-15%.
* ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ/ ദന്തൽ കോളേജുകളിലെ ന്യൂനപക്ഷ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഈ ക്വാട്ടയിൽ ഓപ്ഷൻ ലഭ്യമായ കോളേജുകളിൽ ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകണം.
* നിർദ്ദേശാനുസരണ സംവരണം (സ്റ്റേറ്റ് മെറിറ്റ്, EWS, സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, SC/ST) സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.


