NEWS
ഇന്ത്യൻ നയതന്ത്രങ്ങളുടെ ആശാൻ, ജയശങ്കറിന്റെ വിശ്വസ്തൻ; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി നീട്ടി കേന്ദ്രം

ന്യൂഡൽഹി∙ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ കാലാവധി ഒരു വർഷം കൂടി കൂട്ടി കേന്ദ്രസർക്കാർ. 2027 വരെയാണ് കാലാവധി നീട്ടിയത്. എസ്.ജയശങ്കറിനുശേഷം കാലാവധി നീട്ടിനൽകുന്ന രണ്ടാമത്തെ വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രി. 2017ൽ എസ്.ജയശങ്കറിന് ഒരു വർഷത്തേക്ക് കാലാവധി നീട്ടി നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നിർണായകഘട്ടങ്ങളിൽ പങ്കാളിത്തരാജ്യങ്ങളുമായുള്ള നയതന്ത്രം ശക്തമാക്കാൻ നേതൃത്വം നൽകിയത് വിക്രം മിസ്രിയാണ്. യുഎസിലെ രണ്ടാം ഡോണൾഡ് ട്രംപ് സർക്കാരുമായുള്ള മികച്ച ബന്ധം, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകൾ തുടങ്ങി ഇന്ത്യയ്ക്കായി ഒട്ടേറെ സുപ്രധാന നയതന്ത്രനീക്കങ്ങൾക്ക് വിക്രം മിസ്രി നേതൃത്വം നൽകി.2020ലെ ഗാൽവാൻ സംഘർഷത്തിനുശേഷം വഷളായ ഇന്ത്യ–ചൈന ബന്ധത്തെ നയതന്ത്ര ഇടപെടലിലൂടെ മയപ്പെടുത്താനും നിയന്ത്രണരേഖയിലെ അതിർത്തി തർക്കത്തിൽ 2024ൽ ചൈനയുമായി ധാരണയിലെത്താനും മിസ്രിക്ക് കഴിഞ്ഞു. ധാരണ പ്രകാരം യഥാർഥ നിയന്ത്രണരേഖയിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കാനും പട്രോളിങ് നടത്താനും തീരുമാനമായിരുന്നു. നേരത്തെ ചൈനയിലെ ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ചതിലെ പരിചയവും ഇക്കാര്യത്തിൽ മിസ്രിക്ക് മുതൽക്കൂട്ടായിരുന്നു.യുഎസുമായുള്ള വ്യാപാര ചർച്ചകൾക്കും അടുത്ത വർഷം നടക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനും മിസ്രി തന്ത്രങ്ങൾ മെനയുന്നുണ്ട്. ഇതിന്റെ തുടർച്ച ഉറപ്പുവരുത്തുന്നതിനായാണ് മിസ്രിയുടെ കാലാവധി നീട്ടി നൽകാനുള്ള തീരുമാനം. ലബനനിലും ഗാസയിലും ഇസ്രയേൽ തുടരുന്ന ആക്രമണം യുഎസ്–ഇറാൻ സമാധാനക്കരാറിൽ ഭീഷണിയായ തുടരുന്ന സാഹചര്യത്തിലും ഇന്ത്യൻ താൽപര്യങ്ങൾക്ക് കോട്ടം തട്ടാത്ത നടപടികളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിൽ മിസ്രിയുടെ സാന്നിധ്യം നിർണായകമാകും. ഇവകൂടാതെ, ശ്രീലങ്ക, ബംഗ്ലദേശ്, മാലദ്വീപ്, ഭൂട്ടാൻ, നേപ്പാൾ, ചൈന തുടങ്ങിയ അയൽരാജ്യങ്ങളുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ തന്ത്രപരമായി പരിഹരിക്കുകയെന്ന ദൗത്യത്തിന്റെ തുടർച്ചയും മിസ്രിയുടെ ചുമലിലുണ്ട്.
Source link


