NEWS
റോഡിൽ ‘ലൈറ്റ് ആൻഡ് സൗണ്ട് ഷോ’; കാറിന് പിഴ 32,750 രൂപ

കാക്കനാട്∙ വെളിച്ച വിപ്ലവം സൃഷ്ടിച്ചും അമിത ശബ്ദം പുറപ്പെടുവിച്ചും റോഡിലൂടെ പാഞ്ഞ ആഡംബര കാർ മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കാറിനു പുറത്ത് ചുറ്റും ലൈറ്റുകൾ ഘടിപ്പിച്ച നിലയിലായിരുന്നു. ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന ഹൈ ഡെസിബൽ മ്യൂസിക്കൽ സംവിധാനവും നിരോധിച്ച മൾട്ടി ടോൺ എയർ ഹോണും കാറിൽ കണ്ടെത്തി. കാർ ഉടമ പെരിന്തൽമണ്ണ സ്വദേശി ഉനൈസിനു 32,750 രൂപ പിഴ ചുമത്തി. കാക്കനാട്–പള്ളിക്കര റോഡിലെ പരിശോധനയ്ക്കിടയിലാണ് കാർ പിടിയിലായത്. പുറത്തേക്ക് തള്ളി നിൽക്കുന്ന ടയറുകളാണ് കാറിനുണ്ടായിരുന്നത്. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ എൻ.വിനോദ്കുമാർ, എഎംവിഐമാരായ എൻ.എ.മുഹമ്മദ് നിയാസ്, വി.കശ്യപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബിസിനസ് ആവശ്യത്തിന് കൊച്ചിയിലെത്തിയതാണെന്ന് കാർ യാത്രക്കാർ പറഞ്ഞു. കാറിൽ പിടിപ്പിച്ചിട്ടുള്ള എല്ലാ അനധികൃത ഫിറ്റിങ്ങുകളും പൂർണമായി നീക്കി കമ്പനി നിർമിച്ച യഥാർഥ രൂപത്തിലാക്കിയ ശേഷമേ വീണ്ടും നിരത്തിലിറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്ക് പറഞ്ഞു.
Fashion ⏭️


