NEWS
യാത്രാപ്രേമി, തോമസ് അവസാനം വീട്ടിലേക്ക് വിളിച്ചത് വെള്ളിയാഴ്ച; നാടിന് ഞെട്ടലായി വിയറ്റ്നാമിലെ ദുരന്തം

കൊട്ടാരക്കര∙ യാത്രാ പ്രേമിയായിരുന്നു കൊട്ടാരക്കര സ്വദേശിയായ എ.സി.തോമസും ഭാര്യ ലൗനിയും. വിയറ്റ്നാമിലേക്കുള്ള യാത്ര നാടിനെ സങ്കടത്തിലാക്കിയ അന്ത്യയാത്രയായി. കൊട്ടാരക്കരയിലെ ആവിയോട്ട് കുടുംബാംഗമാണ് തോമസ്. പാരമ്പര്യമായി കിട്ടിയ, താലൂക്ക് ആശുപത്രി പരിസരത്തെ വിക്ടറി മെഡിക്കൽസിന്റെ ചുമതലയായിരുന്നു തോമസിന്. മരുന്നു വിതരണ മേഖലയിലും സംരംഭങ്ങളുണ്ടായിരുന്നു. അടുത്തിടെ ഹോട്ടൽ മേഖലയിലേക്കും ഇറങ്ങിയിരുന്നു. 13ഓളം സ്ഥാപനങ്ങളുണ്ട്.കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നിരവധി രാജ്യങ്ങളിലേക്ക് ദമ്പതികൾ യാത്രകൾ നടത്തി. ഏഴാം തീയതിയാണ് വിയറ്റ്നാമിലേക്കു പോയത്. 14ന് തിരിച്ചു വരാനിരിക്കുകയായിരുന്നു. മൊബൈൽ കമ്പനി സ്പോൺസർ ചെയ്തതായിരുന്നു വിയറ്റ്നാം യാത്ര. അവിടെ എത്തിയശേഷം വീട്ടിലേക്കു വിളിച്ചിരുന്നു. ശനിയാഴ്ച വൈകിട്ടോടെയാണ് കുടുംബത്തിന് വിവരം ലഭിച്ചത്. മരണ വിവരം അറിഞ്ഞതോടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ വീട്ടിലേക്ക് എത്തി. മൃതദേഹം വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മക്കൾ: എ.ടി.ചെറിയാൻ, ദിവ്യ സൂസൺ തോമസ്.
Source link


