NEWS

വിവാഹാലോചന നിരസിച്ചതിന് മർദനം: വീടിനുള്ളിലെ ഇടിമുറിക്കുള്ളിൽ‌ കാബിൻ, പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നു?


കിളിമാനൂർ / വർക്കല (തിരുവനന്തപുരം) ∙ വിവാഹത്തിനു വിസമ്മതിച്ചതിന്റെ പേരിൽ യുവതിയുടെ പിതാവിനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി മർദിച്ച കേസിൽ പ്രതികൾക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി മതിര തെറ്റിമുക്ക് സ്വദേശി സുധീഷ്, കടയ്ക്കൽ സ്വദേശികളായ അരുൺ, ആർ.ലാൽ കൃഷ്ണ, ആർ.എസ്.ആരോമൽ എന്നിവർക്കായാണ് തിരച്ചിൽ. അക്രമിസംഘത്തിൽ ഉൾപ്പെട്ട അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. കേസന്വേഷണത്തിനായി ആറ്റിങ്ങൽ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നാലംഗ സംഘത്തെ നിയോഗിച്ചു. വടശ്ശേരിക്കോണം ആര്യാഭവനിൽ അനിൽകുമാർ, മകൻ അച്ചു എന്നിവരെയാണ് വ്യാഴാഴ്ച വെള്ളല്ലൂർ വട്ടവിളയിലെ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട് മർദിച്ചത്. സുധീഷിന്റെ വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.അക്രമത്തിനുശേഷം വ്യാഴാഴ്ച വൈകിട്ട് കിളിമാനൂരിലെത്തിയ പ്രതികൾ സ്വകാര്യ ബസിൽ യാത്ര ചെയ്ത് കടയ്ക്കൽ ആനപ്പാറയിൽ ഇറങ്ങി. അതിനുശേഷം സംഘത്തിലെ ഒരാളുടെ ബന്ധുവിന്റെ വീടിന്റെ ടെറസിൽ ഫോണും പഴ്സും രേഖകളും ഉപേക്ഷിച്ച് മുങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. പ്രതികൾ സഞ്ചരിച്ച ബൈക്ക് കിളിമാനൂരിനു സമീപം പാപ്പാല ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 3 പ്രതികളുടെ ഫോൺ കണ്ടെടുത്തെങ്കിലും മുഖ്യപ്രതി സുധീഷിന്റെ ഫോൺ കിട്ടിയിട്ടില്ല. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അന്വേഷണസംഘം ചോദ്യം ചെയ്തെങ്കിലും ഒളിയിടം സംബന്ധിച്ചു സൂചനകൾ ലഭിച്ചില്ല. പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നോ എന്നും അന്വേഷിക്കുന്നുണ്ട്.പണി പൂർത്തിയാകാത്ത വീടിനുള്ളിൽ അലുമിനിയം ഷീറ്റും കണ്ണാടിയും ഉപയോഗിച്ച് സുധീഷും സംഘവും ഒരു മുറി ഒരുക്കി. വീടിന്റെ പുറമേ നിന്ന് നോക്കുന്നവർക്ക് ഈ മുറി കാണാൻ സാധിക്കില്ല. കട്ടി കൂടിയ കണ്ണാടിയും ഫൈബറും ഉപയോഗിച്ച് റൂമിനുള്ളിൽ ഒരു കാബിനും സജ്ജീകരിച്ചു. ഇതിനുള്ളിലാണ് അനിൽകുമാറിനെയും മകനെയും കെട്ടിയിട്ട് മർദിച്ചത്. വീടിനുള്ളിൽ സൗണ്ട് പ്രൂഫ് സംവിധാനം സജ്ജീകരിക്കാൻ 2 ലക്ഷം രൂപയോളം പ്രതികൾ ചെലവിട്ടെന്നാണ് പൊലീസിന്റെ നിഗമനം.


Fashion ⏭️

Back to top button