NEWS
കേരള സർവകലാശാല നിയമന തട്ടിപ്പ്: സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റി, മുന്‍ വി.സിയെ അടക്കം പ്രോസിക്യൂട്ട് ചെയ്യും

തിരുവനന്തപുരം ∙ കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികളുമായി ക്രൈംബ്രാഞ്ച്. പ്രതികള്‍ക്കെതിരെ കുറ്റപത്രം തയാറായി. പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സര്‍ക്കാരിനു നല്‍കും. മുന്‍ വി.സി രാമചന്ദ്രന്‍നായര്‍, പ്രൊ വി.സി. ജയപ്രകാശ്, റജിസ്ട്രാര്‍ കെ.എ.ഹാഷിം, സിന്‍ഡിക്കറ്റ് അംഗങ്ങളായ എ.എ.റഷീദ്, എം.പി.റസല്‍, കെ.എ.ആന്‍ഡ്രു എന്നിവരാണ് പ്രതികള്‍. പ്രതിയായ മറ്റൊരു സിന്‍ഡിക്കറ്റ് അംഗം ബി.എസ്. രാജീവ് മരിച്ചിരുന്നു. 2020ല്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസ് എഴുതിത്തള്ളാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കോടതിയില്‍ പരാതി എത്തിയതോടെ 2022ല്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 2005ല്‍ നടന്ന അസി.നിയമന പരീക്ഷ അട്ടിമറിച്ച് സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് കണ്ടത്തല്‍. പ്രധാന തൊണ്ടിമുതലായ ഉത്തരകടലാസ് നശിപ്പിച്ചിരുന്നു. അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കാത്ത അംഗങ്ങളുടെ പേരില്‍ മാര്‍ക്കിട്ട് പല ഉദ്യോഗാര്‍ഥികള്‍ക്കും നിയമനം നല്‍കിയെന്നും പരാതിയുയര്‍ന്നിരുന്നു. 100 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയില്‍ 33,933 പേരാണ് പങ്കെടുത്തത്. എന്നാല്‍ പിന്നീട് വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുവെന്ന പരാതി ഉയര്‍ന്നു. എഴുത്തുപരീക്ഷയുടെ 75 ശതമാനം മാര്‍ക്കും അഭിമുഖത്തിന്റെ 25 ശതമാനം മാര്‍ക്കും പരിഗണിക്കാന്‍ തീരുമാനിച്ചു. അഭിമുഖത്തിന് 15 ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന ചട്ടമാണ് അട്ടിമറിക്കപ്പെട്ടത്. അഭിമുഖത്തിന് വാരിക്കോരി മാര്‍ക്കു നല്‍കിയതോടെ എഴുത്തുപരീക്ഷയില്‍ മുന്നിലെത്തിയവര്‍ക്ക് നിയമനം നിഷേധിക്കപ്പെട്ടുവെന്നായിരുന്നു പരാതി. 2008ലാണ് റാങ്ക്ലിസ്റ്റ് പുറത്തുവന്നത്. തുടര്‍ന്ന് നിയമനം ലഭിക്കാതിരുന്നവര്‍ കോടതിയെ സമീപിച്ചതോടെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിലേക്കും അന്വേഷണത്തിലേക്കും വിഷയം കടന്നത്.
Fashion ⏭️




