NEWS
ഹൈക്കോടതിയിൽ സർക്കാരിന് തിരിച്ചടി: കെപിഒഎ ഇല്ലാതാകില്ല; സ്റ്റേ റദ്ദാക്കണമെന്ന ആവശ്യം സ്വീകരിച്ചില്ല

കൊച്ചി∙ കേരള പൊലീസ് അസോസിയേഷൻ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിക്കു തിരിച്ചടി. സംഘടനകളുടെ പുനഃസംഘടനയും അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനുള്ള സ്റ്റേ തുടരും. സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌ഹോക് കമ്മിറ്റിയംഗം ജി.ആർ.അജിത് നൽകിയ ഹർജി ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പ്രീത എ.കെ എന്നിവരുടെ ബെഞ്ച് സ്വീകരിച്ചില്ല. ഡിവിഷൻ ബെഞ്ചിന്റെ നിലപാടിനെ തുടർന്ന് ഹർജിക്കാരൻ അപ്പീൽ പിൻവലിക്കുകയായിരുന്നു. വിഷയം നിലവിൽ പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിൽ തന്നെ എതിർപ്പുകൾ അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട സിംഗിൾ ബെഞ്ച് മുൻപ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അന്തിമ തീർപ്പാകുന്നതുവരെ പുനഃസംഘടനാ നടപടികളും അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും പൂർണമായി തടഞ്ഞിരിക്കുകയാണ്. സംഘടനകളെ പുനഃസംഘടിപ്പിക്കാൻ തക്കതായ കാരണങ്ങളൊന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നു വ്യക്തമാക്കിയായിരുന്നു മുൻപ് കോടതിയുടെ ഇടപെടൽ.
Fashion ⏭️


