NEWS
തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് വിലക്ക്; ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി ∙ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുൻകാല ഉത്തരവുകൾ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയും ഭക്തരുടെ വികാരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഒരു സന്തുലിത സമീപനമാണ് തങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മൈതാനം മുഴുവനായി വെറുതെ ഇടുന്നത് ബോർഡിന്റെ വരുമാനത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. വരുമാനം വർധിപ്പിക്കാനുള്ള ബോർഡിന്റെ ന്യായമായ അഭ്യർഥന പൂർണമായി തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തി. കർശന നിബന്ധനകൾക്ക് വിധേയമായി മതപരമല്ലാത്ത ചില ആവശ്യങ്ങൾക്ക് മൈതാനം താൽക്കാലികമായി വിട്ടുനൽകാൻ ബോർഡിന് കോടതി അനുമതി നൽകിയിട്ടുണ്ട്.മൈതാനം വിവിധ പരിപാടികൾക്കായി വിട്ടുനൽകുമ്പോൾ ബോർഡും സംഘാടകരും തമ്മിൽ ഒപ്പുവെക്കുന്ന ലൈസൻസ് അല്ലെങ്കിൽ വാടക കരാറിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾ തള്ളുന്നതും കുന്നുകൂട്ടുന്നതും സസ്യാഹാരേതര ഭക്ഷണങ്ങളുടെ വിൽപനയും ഉപഭോഗവും പൂർണമായും നിരോധിക്കണം. മാലിന്യം നിക്ഷേപിക്കുന്നത് ആവശ്യമായ സംവിധാനങ്ങൾ സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞയുടൻ പ്രദേശം പൂർവസ്ഥിതിയിലാക്കുകയും ചെയ്യേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്.
Fashion ⏭️


