LIFESTYLE

മസ്‌തിഷ്‌കജ്വരമുണ്ടാകാൻ കാരണമാകും, വാഴ, പപ്പായ, ഇലവർഗങ്ങളടക്കം പച്ചക്കറികൾക്കും ഭീഷണി


ഇലവർഗങ്ങൾ

ആലപ്പുഴ: കാലവർഷത്തിന് പിന്നാലെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം (ജയന്റ് ആഫ്രിക്കൻ സ്‌നേൽ) വ്യാപകമായി. ഇവയുടെ സ്രവങ്ങളിലെ പരാദവിര മസ്തിഷ്‌കജ്വരം ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതിനാൽ കൃഷി നാശത്തിലുപരി, മനുഷ്യരുടെ ആരോഗ്യത്തിനും ഭീഷണിയാണ്. വാഴ, കിഴങ്ങ് വർഗങ്ങൾ, ഇഞ്ചി, മഞ്ഞൾ, പപ്പായ, നാരകം, ഇലവർഗ്ഗ പച്ചക്കറികൾ തുടങ്ങിയ കാർഷിക വിളകളെ ആക്രമിച്ച് നശിപ്പിക്കുന്നവയാണ് ആഫ്രിക്കൻ ഒച്ചുകൾ. വാഴകൾക്കാണ് ഏറ്റവുമധികം നാശമുണ്ടാക്കുന്നത്. ഇലകൾ കൂട്ടത്തോടെ തിന്നുനശിപ്പിക്കുന്നതിനാൽ ഓണക്കാലത്ത് വിളവെടുപ്പ് പ്രതീക്ഷിച്ച് നട്ടുവളർത്തിയ പച്ചക്കറിവിളകൾക്കും വാഴകൾക്കും ഇവ ഭീഷണിയാണ്.

ഇവയുടെ പ്രത്യുൽപാദനശേഷിയും വളരെ കൂടുതലാണ്. ഒരു ഒച്ച് ശരാശരി 900 മുട്ടകളെങ്കിലുമിടും. ഇവയിൽ 90 ശതമാനവും വിരിഞ്ഞിറങ്ങുന്നതിനാൽ ചുരുങ്ങിയ സമയംകൊണ്ട് ഇവ പെറ്റുപെരുകി കൃഷിനാശത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ശ്രമിച്ചാൽ വളമാക്കാം.

ആഫ്രിക്കൻ ഒച്ചുകൾ രാത്രിയിലാണ് കൂട്ടമായി പുറത്തേയ്ക്ക് വരുന്നത്. പപ്പായയുടെ ഇല, തണ്ട്, മുരിങ്ങയില, കാബേജ് ഇലകൾ മുതലായവ നനഞ്ഞ ചണച്ചാക്കിലാക്കി ഒരു ദിവസം വച്ചാൽ ഇവയിലേയ്ക്ക് ആകർഷിക്കപ്പെടുന്ന ഒച്ചുകളെ കുഴിയിലിട്ട് ഉപ്പ് വിതറിയോ, തുരിശ് ലായനി തളിച്ചോ നശിപ്പിക്കാം. പിന്നീട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിട്ട് വളമാക്കാം.

മണ്ണിൽ ഒരടി താഴ്ചയിൽ കുഴിയെടുത്ത്, അതിൽ ഒരു ദിവസം പുളിപ്പിച്ച പൈനാപ്പിൾ, പഴം, പപ്പായ എന്നിവ ശർക്കരയും യീസ്റ്റും ചേർത്ത് ഇട്ടുകൊടുക്കുക. ഇതിലേയ്ക്ക് ആകർഷിച്ചെത്തുന്ന ഒച്ചുകളെ ഉപ്പ് വിതറി നശിപ്പിച്ച് കുഴി മൂടുക.


60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചാൽ മതിലുകളിലും തടികളിലുമുള്ള ഒച്ചുകളെ നശിപ്പിക്കാം. പറമ്പുകളിൽ 10 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിക്കാം.


ജൈവ അവശിഷ്ടങ്ങൾ കൂട്ടിയിടാതിരിക്കാനും കാടുകയറിയ പറമ്പുകൾ വൃത്തിയാക്കാനും ശ്രദ്ധിക്കണം. ലൗസ് ഇടാതെ ഒച്ചിനെ കൈകാര്യം ചെയ്യരുത്. തുടർന്ന് കൈകൾ സോപ്പിട്ട് കഴുകണം.

കുട്ടനാട്ടിലുൾപ്പെടെ ചില സ്ഥലങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ജാഗ്രത പാലിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണ് പരിഹാരം


പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ


News ⏭️

Back to top button