NEWS

ആ പി.കെ.ശ്രീമതിയല്ല ഈ ശ്രീമതി; കുടുംബ പെൻഷൻ വാങ്ങിയെന്ന് ആരോപണം, പൊട്ടിക്കരച്ചിൽ; സംഭവിച്ചത് എന്ത്?


തിരുവനന്തപുരം∙ അന്തരിച്ച എംഎല്‍എയുടെ ഭാര്യയായി അഭിനയിച്ച് അനധികൃതമായി കുടുംബ പെന്‍ഷന്‍ വാങ്ങിയെന്ന ആരോപണം വല്ലാതെ വേദനിപ്പിച്ചുവെന്നാണ് ഇന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് മുന്‍മന്ത്രി പി.കെ.ശ്രീമതി പറഞ്ഞത്. ശക്തമായ നിയമനടപടികളുമായി പി.കെ.ശ്രീമതി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്. 1993ല്‍ അന്തരിച്ച പി.ആര്‍.കൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് എംഎല്‍എയുടെ ഭാര്യയായ പി.കെ.ശ്രീമതി കുടുംബ പെന്‍ഷന്‍ വാങ്ങുന്നതാണ് മുന്‍മന്ത്രി പി.കെ.ശ്രീമതിയുടെ പേരില്‍ ആരോപിക്കപ്പെട്ടത്. കുന്നംകുളത്തുനിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പി.ആര്‍.കൃഷ്ണന്‍ തിരുക്കൊച്ചി ലജിസ്‌ലേറ്റീവ് അസംബ്ലിയിലും രണ്ടാം കേരള നിയമസഭയിലും (1960-64) അംഗമായിരുന്നു. എംഎല്‍എമാരുടെ പെന്‍ഷന്‍ സംബന്ധിച്ച് വിവരാവകാശപ്രകാരം ലഭിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കുടുംബ പെന്‍ഷന്‍ വാങ്ങുന്ന, അന്തരിച്ച എംഎൽഎമാരുടെ ഭാര്യമാരുടെ പേരു വിവരങ്ങളും വ്യക്തമാക്കിയിരുന്നു. ഇതില്‍ പി.ആര്‍.കൃഷ്ണന്റെ ഭാര്യയുടെ പേര് പി.കെ.ശ്രീമതി എന്നാണ്. ഇതേ മറുപടിയില്‍ തന്നെ മുന്‍ എംഎല്‍എ എന്ന നിലയിലും മുന്‍മന്ത്രി എന്ന നിലയിലും പി.കെ.ശ്രീമതി പെന്‍ഷന്‍ വാങ്ങുന്ന കാര്യവും പറഞ്ഞിരുന്നു. രണ്ടു ശ്രീമതിയും ഒന്നാണെന്ന തരത്തിലാണ് മുന്‍മന്ത്രി അനധികൃതമായി കുടുംബ പെന്‍ഷന്‍ വാങ്ങുന്നുവെന്ന പ്രചാരണം ചിലർ നടത്തിയത്.


Fashion ⏭️

Back to top button