അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് 3 ദിവസം പൂജ നടത്തി

കൊല്ലം: മാതാവ് മരിച്ചത് പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് മൂന്നു ദിവസം പൂജ നടത്തി മാനസിക വെല്ലുവിളി നേരിടുന്ന മകൻ. കുളത്തൂപ്പുഴ കൂവക്കാട് ആർ.പി.എൽ 2എഫ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ്മയാണ് (90) മരിച്ചത്. സംഭവത്തിൽ ചിന്നത്താമ്മയുടെ മകൻ കൃഷ്ണസ്വാമിയുടെ (60) മൊഴി രേഖപ്പെടുത്തിയശേഷം പൊലീസ് വിട്ടയച്ചു. ചിന്നത്താമ്മയുടെ സംസ്കാരത്തിന് ശേഷം കൃഷ്ണസ്വാമിയെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് കുളത്തൂപ്പുഴ പൊലീസ് പറഞ്ഞു.
ചിന്നത്താമ്മയുടെ മരണത്തിൽ ദുരൂഹതയില്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി ഏഴോടെ ചിന്നത്താമ്മയുടെ കൊച്ചുമകൾ വന്നപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുന്ന, റീഹാബിലിറ്റേഷൻ പ്ളാന്റേഷൻ തൊഴിലാളിയായിരുന്ന കൃഷ്ണസ്വാമിയും ചിന്നത്താമ്മയും മാത്രമാണ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്.
രോഗബാധിതയായ ചിന്നത്താമ്മയെ രണ്ടാഴ്ചയായി വീടിന് പുറത്ത് കണ്ടിരുന്നില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഇവരുടെ ക്വാർട്ടേഴ്സിൽ നിന്ന് ചന്ദനത്തിരിയുടെ ഗന്ധം തുടർച്ചയായി വന്നിരുന്നു. കൃഷ്ണസ്വാമിയെയും പുറത്തേക്ക് കണ്ടിരുന്നില്ല. സംശയം തോന്നിയ അയൽവാസികൾ വെള്ളിയാഴ്ച രാത്രി ചിന്നത്താമ്മയുടെ കൊച്ചുമകളെ വിളിച്ചുവരുത്തി. പഞ്ചായത്തംഗം ചന്ദ്രകുമാറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ തുണികൊണ്ട് മറച്ച നിലയിൽ ചിന്നത്താമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുറിയുടെ പല ഭാഗങ്ങളിലും ചന്ദനത്തിരി കത്തിച്ച് വച്ചിരുന്നു. പൂജയും നടത്തിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. ചന്ദനത്തിരി കത്തിച്ച് വച്ചിരുന്നതുകൊണ്ടാണ് ദുർഗന്ധം പുറത്തറിയാതിരുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുളത്തൂപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


