NEWS
കരുവാറ്റയിലെ അരുംകൊല: അന്വേഷണം വഴിതെറ്റിക്കാൻ കുട്ടികളുടെ തിരക്കഥ, സ്വന്തം പിതാവിലേക്കു വഴിതിരിച്ചു വിടാൻ പെൺകുട്ടിയുടെ ശ്രമം

ഹരിപ്പാട് ∙ കരുവാറ്റയിൽ അറുപത്തിയേഴുകാരനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ പിടിയിലായാലും അന്വേഷണം വഴിതെറ്റിക്കാൻ പ്രതികൾ തിരക്കഥ തയാറാക്കിയിരുന്നെന്നു പൊലീസ്. പൊലീസിന്റെ ചോദ്യങ്ങൾക്കു നൽകേണ്ട മറുപടി ഇവർ കൃത്യമായി തയാറാക്കിയിരുന്നു. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽ നിന്നാണ് മൂന്ന് ആൺകുട്ടികളെയും പ്രത്യേക അന്വേഷണ സംഘം ഒരേ സമയം പിടികൂടിയത്. പരസ്പരം ബന്ധപ്പെടാൻ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പൊലീസിന് മുന്നിൽ ഒരേ കഥ തന്നെ ആവർത്തിച്ചു. പെൺകുട്ടിക്കു വയറ്റിൽ മുഴയുണ്ടെന്നും ഇതിന്റെ ശസ്ത്രക്രിയയ്ക്കു പണം നൽകാനാണു തങ്ങൾ ഹരിപ്പാട്ട് എത്തിയത് എന്നുമായിരുന്നു മൂന്നു പേരുടെയും മൊഴി. അതിനു വേണ്ടിയാണു പെൺകുട്ടി വീട്ടിലേക്കുള്ള ലൊക്കേഷൻ അയച്ചു തന്നതും വിഡിയോ കോൾ ചെയ്തതും എന്നും പറഞ്ഞു. പണം നൽകി തിരികെ പോയതല്ലാതെ കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു മൂന്നു പേരും ആദ്യം മറുപടി നൽകിയത്.ദിവസങ്ങൾക്കു മുൻപു തന്നെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് ആൺസുഹൃത്തിനു കർശനിർദേശം നൽകിയതും താനാണെന്നും പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സംശയം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാൻ പെൺകുട്ടി ശ്രമിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വയോധികന്റെ ഇളയമകളുടെ ആദ്യഭർത്താവാണ് പെൺകുട്ടിയുടെ പിതാവ്. പിതാവും മുത്തച്ഛനും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പെൺകുട്ടി ചോദ്യം ചെയ്യലിന്റെ തുടക്കത്തിൽ പറഞ്ഞു. എന്നാൽ പെൺകുട്ടിയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും വാട്സാപ് ചാറ്റുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.പെൺകുട്ടിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ 3 വർഷം സംരക്ഷണ കേന്ദ്രത്തിലെ താമസം ആലപ്പുഴ ∙ ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ പിടിയിലായ 4 പേരിൽ പതിമൂന്നുകാരിയായ പെൺകുട്ടിക്കു ലഭിക്കുന്ന പരമാവധി ശിക്ഷ 3 വർഷം സംരക്ഷണകേന്ദ്രത്തിലെ താമസം. 16,17 പ്രായത്തിലുള്ള മറ്റു 3 പേരെ മുതിർന്നവരായി പരിഗണിച്ചു വിചാരണ നടത്തിയാലും വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാൻ പാടില്ലെന്നാണു നിയമം. തടവുശിക്ഷ വിധിച്ചാലും 21 വയസ്സു പൂർത്തിയാകുന്നതുവരെ സംരക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കും. പിന്നീട് ശിക്ഷാകാലാവധിയുണ്ടെങ്കിൽ ജയിലിലേക്കു മാറ്റും.
Fashion ⏭️


