NEWS

ദേശീയപാത നിർമാണം: കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം


തളിപ്പറമ്പ് ∙ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പുളമ്പറമ്പ് കണികുന്നിനു മുകളിൽ ജനങ്ങൾക്കു ഭീതി പരത്തി ജലബോംബ് പോലെയായ ജലാശയം ഇത്തവണയും. വൻതോതിൽ ജനവാസമേഖലയായ കണികുന്നിനു മുകളിലാണ് യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ ഇത്തവണയും ജലബോംബ് തുടരുന്നത്. കഴിഞ്ഞവർഷം ഇവിടെ വെള്ളം കെട്ടിക്കിടന്ന് ജലാശയം രൂപപ്പെട്ടതിന്റെ അപകടാവസ്ഥ മനോരമ വാർത്ത നൽകിയശേഷം റവന്യു അധികൃതർ ഇടപെടുകയും ഇവിടെ വൻതോതിൽ കെട്ടിക്കിടക്കുന്ന വെള്ളം ചാലു കീറി ഒഴുക്കിവിടുന്നതിനു ദേശീയപാത നിർമാണ കമ്പനിയായ മേഘ കൺസ്ട്രക്‌ഷൻസിനെ കൊണ്ട് നടപടി എടുപ്പിക്കുകയും ചെയ്തിരുന്നു.ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ കുന്നിനു മുകളിൽ വൻതോതിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായിട്ടും ഇവിടെ യാതൊരു പ്രവൃത്തിയും നടക്കാത്തതിനാൽ അരികിലുള്ള കുന്നിടിഞ്ഞ് മരങ്ങൾ ഉൾപ്പെടെ ജലാശയത്തിനരികിലേക്കു വീഴുന്നുണ്ട്. മഴ രൂക്ഷമായ സമയത്ത് ഇവിടെനിന്നു ചെളി കുത്തിയൊഴുകി താഴെയുള്ള ജനവാസമേഖലയിലെത്തുന്നത് ഏറെ ദുരിതം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇപ്പോൾ ചെളിയുടെ പ്രശ്നം മാറിയെങ്കിലും കുന്നിന് മുകളിലെ ജലാശയം ഏറെ ഭീഷണിയാണ് ഉയർത്തുന്നതെന്ന് നാട്ടുകാർ ചൂണ്ടികാട്ടുന്നു.


Fashion ⏭️

Back to top button