NEWS
‘നിർമാണ ജോലികൾ നിർത്തിയെങ്കിൽ അപകടത്തിൽപ്പെട്ടവർ എന്തു ചെയ്യുകയായിരുന്നു ?’; പഴിചാരൽ പിന്നീടാകാമെന്ന് ഹൈക്കോടതി

കൊച്ചി ∙ വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിൽ സംബന്ധിച്ച് പഴിചാരൽ പിന്നീടാകാമെന്ന് ൈഹക്കോടതി. അപകടത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മണ്ണിടിച്ചിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുകയായിരുന്ന ഹൈക്കോടതി പറഞ്ഞു. കള്ളാടി ദുരന്തം സംബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നിർമാണ ഏജൻസിയായ കൊങ്കൺ റെയിൽവേയ്ക്ക് എല്ലാ മുന്നറിയിപ്പ് നിര്‍ദേശങ്ങളും നൽകിയിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. നിർമാണ ജോലികൾ നേരത്തെ നിർത്തിവയ്ക്കാൻ ജില്ലാ ദുരന്ത നിവാരണ വകുപ്പ് ആവശ്യപ്പെട്ടതുകൊണ്ടാണ് മരണസംഖ്യ വലിയ രീതിയിൽ കുറയ്ക്കാൻ സാധിച്ചതെന്നും അതല്ലെങ്കിൽ കനത്ത മഴയിൽ അപകടത്തിന്റെ വ്യാപ്തിയും മരണസംഖ്യയും കൂടുമായിരുന്നു എന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെയും കൂട്ടിരിപ്പുകാരുടേയും ചെലവ് ഇപ്പോൾ സർക്കാർ വഹിക്കണമെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, എ.കെ.പ്രീത എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഇത് കമ്പനിയിൽ നിന്ന് ഈടാക്കുന്ന കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും നഷ്ടപരിഹാരം ഒരാഴ്ചയ്ക്കുള്ളിൽ നൽകണം. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് എത്രയും വേഗം കൈമാറണം. അവരുടെ കുടുംബങ്ങൾക്ക് കർമങ്ങൾ അടക്കം ചെയ്യാനുള്ളതാണ് എന്ന് കോടതി ഓർമിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ രണ്ട് സ്വതന്ത്ര സമിതികളെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാങ്കേതിക, നിയമപരമായ അന്വേഷണവും പരിസ്ഥിതി വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിസ്ഥിതി അനുമതി വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള അന്വേഷണവും നടക്കും. ഈ സമിതികളുടെ ശുപാർശ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
Source link

