മാലിന്യം തലവേദനയാവില്ല: ഗോബർദ്ധൻ പദ്ധതി കേരളത്തിനും ഗുണം 23,731 കോടി നീക്കി വച്ച് കേന്ദ്രം

തിരുവനന്തപുരം: മാലിന്യം ബയോഗ്യാസാക്കി മാറ്റാനുള്ള കേന്ദ്രത്തിന്റെ 23,731 കോടിയുടെ ‘ഗോബർദ്ധൻ’ പദ്ധതി കേരളത്തിനും ഗുണമാവും.
ജൈവമാലിന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ, ചാണകം എന്നിവയെ കംപ്രസ്ഡ് ബയോഗ്യാസും ജൈവവളവുമാക്കി മാറ്റുന്നതാണ് ‘ഗോബർദ്ധൻ” പദ്ധതി. പ്രകൃതിവാതകത്തിന് തുല്യമായ കംപ്രസ്ഡ് ബയോഗ്യാസിലൂടെ നഗരങ്ങളിലെ ജൈവമാലിന്യ പ്രശ്നങ്ങൾക്ക് ഇതോടെ ശാശ്വതപരിഹാരമാകും.
പ്രധാന നഗരങ്ങളിൽ പ്ലാന്റുകൾ തുടങ്ങാനും നിലവിലുള്ള സിറ്റി ഗ്യാസ് പൈപ്പ് ലൈൻ വഴി വിതരണം ചെയ്യാനും കഴിയും. സഹകരണസംഘങ്ങൾ, സ്വകാര്യനിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നിവയ്ക്കെല്ലാം കേന്ദ്രസഹായം ലഭ്യമാകും. കുറഞ്ഞപലിശയ്ക്ക് വൻകിട വായ്പകളും വനിതാസംരംഭകർക്ക് പ്രത്യേകം ഇളവുകളുമുണ്ട്. മാലിന്യശേഖരണം, ജൈവവളങ്ങളുടെ മൂല്യവർദ്ധന, ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കൽ,പരിശീലനം എന്നിവയ്ക്കുമുണ്ട് സഹായം. ഇതോടെ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാനാകും.
പ്രതീക്ഷയുള്ള പ്ലാന്റുകൾ
ഭാരത് പെട്രോളിയത്തിന്റെ കൊച്ചിയിലുള്ള പ്ലാന്റിൽ 150 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയും. തിരുവനന്തപുരത്തും കോഴിക്കോട്ടും ബി.പി.സി.എല്ലുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ സമാന പ്ലാന്റ് വരുന്നുണ്ട്. പ്രതിദിനം 200ടൺവരെ മാലിന്യം സംസ്കരിക്കാനാവും. പാലക്കാട് കഞ്ചിക്കോട് മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കാനുള്ള പ്ലാന്റിനാണ് പദ്ധതി. മലപ്പുറത്ത് ബയോ-ശക്തി പ്ലാന്റുണ്ട്. ഇവയ്ക്കെല്ലാം ‘ഗോബർദ്ധനിൽ” നിന്ന് സഹായമുണ്ടാകും.
തദ്ദേശ സ്ഥാപനങ്ങൾ പങ്കാളി
1)തദ്ദേശസ്ഥാപനങ്ങളും സ്വകാര്യനിക്ഷേപകരും സർക്കാരുമായുള്ള ത്രികക്ഷി കരാറിലൂടെ സംയുക്ത പദ്ധതികളാകും. തദ്ദേശസ്ഥാപനങ്ങൾ പണംമുടക്കേണ്ടതില്ല. പത്തേക്കർ ഭൂമി ലഭ്യമാക്കണം. ഭൂമി സർക്കാർ ഏറ്റെടുത്തു നൽകണം.
2)ജൈവമാലിന്യത്തിൽ നിന്ന് ഉയർന്ന നിലവാരമുള്ള കംപ്രസ്ഡ് ബയോഗ്യാസാണ് നിർമ്മിക്കുക. പാചകത്തിനും വാഹനങ്ങൾക്ക് ഇന്ധനമായും വ്യവസായങ്ങൾക്കും ഉപയോഗിക്കാം.
3) അവശിഷ്ടങ്ങൾ ഗുണനിലവാരമുള്ള ജൈവവളമാക്കി കർഷകർക്ക് നൽകും. മാലിന്യങ്ങൾ കത്തിക്കുന്നതിലൂടെയുളള അന്തരീക്ഷ മലിനീകരണവും ഒഴിവാകും.
4)ഗതാഗതം, ഗാർഹികം, വ്യവസായം, വാണിജ്യം മേഖലകളിൽ പ്രകൃതിവാതക ആവശ്യകത കൂടുന്നതിനാൽ ഇന്ധന ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാം.
ബയോഗ്യാസ് പ്ളാന്റിന്റെ ചെലവ് – 100 കോടി


